തിരുവനന്തപുരം: WIPR ( Weekly Infection Population Ratio) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനം. ഡബ്‌ള്‌യുഐപിആർ നിരക്ക് 14ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടൈന്‍മെന്‍റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും. നിലവില്‍ സംസ്ഥാനത്ത് ഐ.പി.ആര്‍ 10 ശതമാനത്തിനു മുകളിലാണ്. ചിങ്ങമാസ പൂജയ്ക്ക് ഓഗസ്റ്റ് 15ന് ശബരിമല നട തുറക്കുമ്പോള്‍ പ്രതിദിനം 15000 പേര്‍ക്കു മാത്രമാകും പ്രവേശനം. രണ്ടു ഡോസ് വാക്‌സിനോ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ ഉള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂവഴിയാണ് പ്രവേശനം അനുവദിക്കുക.
- എന്താണ് WIPR അഥവാ പ്രതിവാര ജനസംഖ്യാനുപാതിക കൊവിഡ് ബാധാ നിരക്ക്?
ഒരു പഞ്ചായത്തില്‍ അല്ലെങ്കില്‍ ഒരു വാര്‍ഡില്‍ ഒരാഴ്ച കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തെ 1000 കൊണ്ട് ഗുണിച്ച ശേഷം വാര്‍ഡിലെ അല്ലെങ്കില്‍ പഞ്ചായത്തിലെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്നതാണ് WIPR ഇത് 8 ശതമാനത്തിനു മുകളിലാണെങ്കില്‍ ആ വാര്‍ഡില്‍ അല്ലെങ്കില്‍ പഞ്ചായത്തില്‍ കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. നേരത്തെ ടി.പി.ആര്‍ അടിസ്ഥാനമാക്കിയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയോ ഇളവ് നല്‍കുകയോ ചെയ്തിരുന്നത്. അതിനു പകരമാണ് പുതിയ രീതി.
WIPR കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. കടകളിൽ പോകുന്നതിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന വ്യവസ്ഥയ്ക്കും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും അസുഖം കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും ഇനി കടകളില്‍ പോകുന്നതിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. അര്‍ഹതാ മാനദണ്ഡങ്ങളുള്ള ആരും വീട്ടിലില്ലെങ്കില്‍ വീട്ടിലുള്ളവര്‍ക്ക് തന്നെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാം. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി നടത്താന്‍ വ്യാപരികള്‍ ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കുകയും വേണം.
- ഓണത്തിനും കര്‍ശന നിയന്ത്രണങ്ങൾ
ഓണത്തിന് ആള്‍ക്കൂട്ടം അനുവദിക്കില്ല. ബീച്ചുകളിലും നിയന്ത്രണമുണ്ടാകും. ലൈസന്‍സുള്ളവര്‍ക്കുമാത്രമേ വഴിയോര കച്ചവടം നടത്താനാകൂ. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പൊലീസ് യോഗം വിളിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ചാകും യോഗം. ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നിലധികം തദ്ദേശഭരണ സ്ഥാപനങ്ങളുണ്ടെങ്കില്‍ പൊലീസ് വെവ്വേറെ യോഗങ്ങള്‍ വിളിക്കും.
- വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഏകീകൃത നിരക്ക്
വിദേശ രാജ്യങ്ങളില്‍ പോകാന്‍ വിമാനത്താവളങ്ങളിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാന്‍ നടപടിയായി. ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര ഡോസ് വാക്സിന്‍ എന്നത് സംബന്ധിച്ച് നേരത്തേ ധാരണയുണ്ടാക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ നേരത്തേ ഒരുക്കണം.