തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ക്ഷാമം രൂക്ഷമായി. ഇതേ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ വാക്സിൻ മെഗാ ക്യാമ്പുകള്‍ നിര്‍ത്തി വയ്ക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. തിരുവനന്തപുരം, എറണാകുളം ഉള്‍പ്പടെയുള്ള അഞ്ച് ജില്ലകളിലാണ് വാക്സിന് ക്ഷാമം.
അതേസമയം ആശുപത്രികള്‍ വഴിയുള്ള വാക്സിൻ വിതരണം തുടരും. കേന്ദ്രസർക്കാർ കേരളത്തിന് അധികം വാക്സിനുകൾ ഇന്ന് അനുവദിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടൽ. ഇത്തരത്തിൽ വാക്സിനുകൾ എത്തിയാൽ നാളെ മുതൽ വാക്‌സിൻ ക്യാമ്പുകൾ പുനഃരാരംഭിച്ചേക്കും.
മെഗാ ക്യാമ്പുകളിൽ ഉപയോഗിക്കുന്ന കോവിഷീൽഡ് വാക്സിനാണ് സ്റ്റോക്ക് ഇല്ലാത്തത്. രണ്ട് ലക്ഷം ഡോസ് കൊവാക്‌സിന്‍റെ സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാൽ കൊവാക്‌സിന്‍റെ ലഭ്യത സംബന്ധിച്ച് അവ്യക്തയുള്ളതിനാൽ മെഗാ വാക്സിൻ ക്യാമ്പുകളിൽ ഇത് ഉപയോഗിക്കുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. കൊവിഡ് വ്യാപനം തീവ്രമായതിന് പിന്നാലെയാണ് മെഗാ വാക്സിൻ ക്യാമ്പുകൾ നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. പരമാവധി ആളുകളിലേക്ക് വേഗത്തിൽ വാക്സിൻ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ വാക്സിൻ ക്ഷാമം മെഗാ ക്യാമ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്.