തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ നാല് ദിവസങ്ങളിലായി നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തുടര്‍ച്ചയായ വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിൻ നൽകുന്നത്. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കൊവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങള്‍, പൊലീസുകാര്‍, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിൻ നല്‍കുന്നത്.
തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ നാല് ദിവസങ്ങളിലാണ് കൊവിഡ് വാക്‌സിൻ നൽകുക. ബുധനാഴ്‌ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്‌പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയിരിക്കുന്നത്. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിൻ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷൻ തുടരാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളില്‍ വാക്‌സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്‌റ്റർ ചെയ്‌തവരുടെ വാക്‌സിനേഷൻ പൂര്‍ത്തിയായതിനാല്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിന്‍റെ ഭാഗമായി നാളെ മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്‌ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും വാക്‌സിനേഷൻ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്‌സിനേഷൻ കേന്ദ്രങ്ങള്‍ ആരംഭിക്കും.
തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്പൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വാക്‌സിനേഷൻ പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ ഒൻപത് കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷൻ നടക്കുന്നത്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ വാക്‌സിൻ നൽകുന്നവരുടെ എണ്ണം കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും രാവിലെ ഒൻപത് മണി മുതല്‍ അഞ്ചു മണിവരെയാണ് വാക്‌സിൻ നല്‍കുക. രജിസ്റ്റര്‍ ചെയ്‌ത ആള്‍ക്ക് എവിടെയാണ് വാക്‌സിൻ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തേണ്ടതാണ്.