തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവെന്ന് കണക്കുകൾ. ഒക്ടോബർ 17ന് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32 ശതമാനമായിരുന്നു. അതായത് 100 പേർക്ക് പരിശോധന നടത്തുമ്പോൾ അതിൽ 18 പേർ കൊവിഡ് പോസിറ്റീവ് ആകുന്ന ഗുരുതരമായ അവസ്ഥ. ഇന്ത്യയിലെ തന്നെ ഉയർന്ന നിരക്ക്. എന്നാൽ പത്ത് ദിവസം കഴിയുമ്പോൾ സംസ്ഥാനത്തിന് ആശങ്ക നീങ്ങുന്നുവെന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.81 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് രോഗവ്യാപനം കുറയാൻ കാരണമായത്.
കഴിഞ്ഞ പത്ത് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്:
- 13. 07
- 13.72
- 12.23
- 13.49
- 13.34
- 13.14
- 12.21
- 14.19
- 12.20
- 11.81
പരിശോധനകൾ വർധിപ്പിക്കണമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്‌ധർ ആവശ്യപ്പെടുന്നത്. പരിശോധനകൾ കുറയുന്നത് രോഗവ്യാപനം തടയുന്നതിനെ ബാധിക്കുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ് അനുഭവപ്പെടുമ്പോഴും പരിശോധന കുത്തനെ കുറഞ്ഞെന്ന വിമർശനമാണ് ഉയരുന്നത്.
കഴിഞ്ഞ പത്ത് ദിവസം കേരളത്തിൽ നടന്ന പരിശോധനകളുടെ കണക്ക്:
- 58,404
- 36,599
- 53,901
- 62,030
- 56,093
- 64,789
- 67,593
- 48,212
- 35,141
- 46,193
പ്രതിദിന രോഗപരിശോധന 75,000 മുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിലൂടെ പരമാവധി രോഗബാധിതരെ വേഗത്തിൽ കണ്ടെത്തുകയും വ്യാപനം തടയുകയുമാണ് ലക്ഷ്യം.