തിരുവനന്തപുരം: ഉറവിടം അറിയാതെ രോഗം സ്ഥിരീകരിക്കുന്ന ഗുരുതര അവസ്ഥയിലേക്ക് സംസ്ഥാന തലസ്ഥാനം. സമ്പർക്കത്തിലൂടെ 22 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അതില്‍ 14 പേരുടെയും ഉറവിടം വ്യക്തമല്ല. ഇത് സമൂഹ വ്യാപനത്തിന്‍റെ സൂചനയാണ് നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ്. സ്ഥിതിയുടെ ഗൗരവം കണക്കിലെടുത്താണ് തിരുവനന്തപുരം നഗരസഭ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കർശനമായ നിരീക്ഷണത്തോടൊപ്പം രോഗ പരിശോധനയും വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. ഉറവിടം അറിയാത്ത 14 കേസുകളിൽ പത്തു കേസുകളും പൂന്തുറ ഭാഗത്താണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ കന്യാകുമാരിയിൽ നിന്ന് ദിസവും മത്സ്യമെത്തിക്കുന്ന പൂന്തുറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്കത്തിൽ രണ്ട് പേർക്കും രോഗം ബാധിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൂന്തുറയിൽ വ്യാപകമായി രോഗം പടർന്നത് എന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. പ്രദേശത്ത് ഒരു സൂപ്പർ സ്പ്രഡ് നടന്നിട്ടുണ്ടോയെന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്.
പൂന്തുറയിൽ അടക്കം വ്യാപകമായി ആന്‍റിജൻ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഇതോടൊപ്പം നിരീക്ഷണ സംവിധാനം ശക്തമാക്കും. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുമായും നേരത്തെ രോഗ ബാധിതരായവരുമായും സമ്പർക്കം പുലർത്തിയ വരെയെല്ലാം കർശനമായി നിരീക്ഷണത്തിൽ പാർപ്പിക്കും. ഇതിനായി പൊലീസ് സഹായവും ആരോഗ്യവകുപ്പ് തേടിയിട്ടുണ്ട്. ആന്‍റി ബോഡി ടെസ്റ്റുകളും വർധിപ്പിക്കും. സ്രവ പരിശോധന 650 എണ്ണമായെങ്കിലും വർധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. രോഗ ലക്ഷണങ്ങൾ ഉള്ളവർക്കൊപ്പം സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് അറിയാനായി പ്രത്യേക പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനും പാളയം സാഫല്യം ഷോപ്പിങ് കോംപ്ലക്സിലെ അതിഥി തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.