തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് ലാബിന് കൊവിഡ് പരിശോധനയ്ക്കുള്ള ഐസിഎംആര്‍ അംഗീകാരം ലഭിച്ചു. ഇതോടെ 15 സര്‍ക്കാര്‍ ലാബുകളിലും ആറ് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ സംസ്ഥാനത്ത് 21 സ്ഥലങ്ങളിലാണ് കൊവിഡ് പരിശോധനയ്ക്കുള്ള സംവിധാനങ്ങളുള്ളത്. നാല് മാസത്തിനിടയിലാണ് 21 ലാബുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ഇതിനായി റിയല്‍ ടൈം പിസിആര്‍ മെഷീനുകളും ലഭ്യമാക്കി. തുടക്കത്തില്‍ 100 പരിശോധനകള്‍ മാത്രം നടത്താന്‍ കഴിഞ്ഞ ലാബുകളില്‍ പരിശോധനകള്‍ ഇരട്ടിയിലധികമാക്കിയിട്ടുണ്ട്. പരിശോധനകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൊവിഡ് ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍എച്ച്എം മുഖാന്തരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
എല്ലാ ലാബുകളിലും കൂടി ദിനം പ്രതി 5000ത്തോളം പരിശോധനകള്‍ നടത്താന്‍ കഴിയും. ആലപ്പുഴ എന്‍ഐവി, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍, കോട്ടയം ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്‍റര്‍ യൂണിവേഴ്‌സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളജ്, എറണാകുളം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, പാലക്കാട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്.