തിരുവനന്തപുരം: കാെവിഡ് വ്യാപനം അതിരൂക്ഷമായി തുടർന്ന തലസ്ഥാന ജില്ലയിൽ രോഗബാധ കുറയുന്നതായി കണക്കുകൾ. പ്രതിദിന രോഗബാധ 1500 ന് മുകളിലായിരുന്ന തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ആയിരത്തിൽ താഴെ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് 777 പുതിയ കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 629. അതിനു മുന്‍പ് 797 ആയിരുന്നു രോഗബാധിതരുടെ എണ്ണം. 11,475 പേരാണ് തിരുവനന്തപുരത്ത് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
വിവിധ വകുപ്പുകളുടെ സംയുക്തമായുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് രോഗവ്യാപനം കുറച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂരിഭാഗം ജനങ്ങളും സഹകരിക്കുന്നുണ്ടെങ്കിലും ചില മേഖലകളിലെ പൊതുജനങ്ങളുടെ സമീപനം നിരാശ ഉണ്ടാക്കുന്നതാണ്. ചില മത്സ്യ ചന്തകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും ജനങ്ങൾ സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇതൊഴിവാക്കി ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ രോഗമുക്തി നിരക്കും ഉയർന്നതാണ്. ഇന്ന് 815 പേരാണ് കൊവിഡ് മുക്തരായത്. സംസ്ഥാനത്ത് ഇന്ന് 21 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും തിരുവനന്തപുരം ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല എന്നത് കൂടുതൽ ആശ്വാസം നൽകുന്നതാണ്.