തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായാല്‍ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം, ഗുരുതര രോഗമുള്ളവരും ഗര്‍ഭിണികളും മാസ്‌ക് ധരിക്കണമെന്നും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്(Kerala Covid 19 Review Meeting). കൊവിഡില്‍ ആശങ്ക വേണ്ടെന്നും സംസ്ഥാനം സുസജ്ജമെന്നും യോഗത്തിന് ശേഷം മന്ത്രി വീണ ജോർജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതു വരെ കൊവിഡ് പരിശോധന ഫലത്തിൽ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍-1 ഒമിക്രോണ്‍ വേരിയെന്‍റ് സ്ഥിരീകരിച്ചത്. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കണം. ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുമാകും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുക. കൊവിഡ് രോഗികളിൽ ഗുരുതരമല്ലാത്തവർ മെഡിക്കല്‍ കോളേജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം.
നിശ്ചിത കിടക്കകള്‍ കൊവിഡിനായി ജില്ലകളിൽ മാറ്റിവയ്ക്കണം. ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു, വെന്‍റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണമെന്നും ഡയാലിസിസ് രോഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തിൽ മന്ത്രി നിർദേശം നൽകി.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സര്‍വെലന്‍സ് ഓഫീസര്‍മാര്‍, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.