തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. വാക്‌സിനേഷനില്‍ വളരെ ദൂരം മുന്നിലെത്താന്‍ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് ഇളവുകള്‍ സംബന്ധിച്ച് ആലോചന തുടങ്ങിയത്.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ഭക്ഷണം വിളമ്പുന്ന മേശകള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. ബാറുകള്‍ തുറക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. കോളജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു.
കൂടുതൽ ഇളവുകൾ; ജനജീവിതം സാധാരണ നിലയിലേക്ക്
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍ ചൊവ്വാഴ്‌ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. ജനജീവിതം സാധാരണ നിലയിലാക്കാനുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്. മുഖ്യമന്ത്രിയുടെ കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ വിദഗ്‌ധരുമായി സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്.
സർക്കാർ ഓഫിസുകളിലെ നിയന്ത്രണങ്ങൾക്കും ഇളവുകൾ
സര്‍ക്കാര്‍ ഓഫിസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്‌ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള അവധി പിന്‍വലിക്കാൻ തീരുമാനമായി. കൂടാതെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിങ്ങും നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് തീരുമാനം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എടുത്തിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങാത്തതിനാല്‍ പഞ്ചിങ്ങ് ഇന്ന് നടപ്പിലാക്കിയില്ല. ഇന്ന് ഉത്തരവ് പുറത്തിറങ്ങുകയാണെങ്കില്‍ നാളെ മുതല്‍ പഞ്ചിങ്ങ് നടപ്പിലാകും. കൊവിഡിനൊപ്പം ജീവിക്കുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
Also Read: രണ്ടാം എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ പട്ടയ മേള ചൊവ്വാഴ്‌ച നടക്കും