തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരള മാതൃക മികച്ചതെന്ന് കണക്കുകൾ നിരത്തി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് ശാസ്‌ത്രീയ മാനദണ്ഡം അനുസരിച്ച് പരിശോധിച്ചാലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മരണനിരക്ക്, രോഗവ്യാപനം, ടെസ്റ്റ് പര്യാപ്തത, രോഗമുക്തി എന്നിവയിലെല്ലാം കേരളത്തിന്‍റെ കണക്കുകൾ വളരെ മികച്ചതാണ്. നൂറു കേസുകൾ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തെ മരണനിരക്ക് 0.39 ശതമാനമാണ്. ഇക്കാര്യത്തിൽ ലോക ശരാശരി 4.38 ശതമാനവും രാജ്യ ശരാശരി 2.67 ശതമാനവുമാണ്. മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്കും കേരളത്തേക്കാൾ ഉയർന്നതാണ്. പ്രതിദിന മരണനിരക്കും കേരളത്തിൽ കുറവാണ്. ജൂലായ് 12ന് കർണാടകത്തിൽ 71 പേരും തമിഴ്നാട്ടിൽ 68 പേരും മഹാരാഷ്ട്രയിൽ 173 പേരും മരിച്ചപ്പോൾ കേരളത്തിൽ രണ്ട് പേർ മാത്രമാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 ലക്ഷം പേരിൽ പരിശോധന നടത്തുമ്പോൾ പോസിറ്റിവ് കേസുകളുടെ ദേശീയ ശരാശരി 17.1 ശതമാനവും സംസ്ഥാന ശരാശരി 0.9 ശതമാനവുമാണെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് പോസിറ്റീവ് റേറ്റ് കേരളത്തിന്‍റേത് 2.27 ശതമാനമാണ്. രാജ്യ ശരാശരി 7.46 ശതമാനവും. ഒരു കേസ് പോസിറ്റീവ് ആകാൻ 44 ടെസ്റ്റുകളാണ് ആണ് കേരളത്തിൽ വേണ്ടിവരുന്നത്. അതേസമയം ഇക്കാര്യത്തില്‍ ദേശീയ ശരാശരി 13 ആണ്. കർണാടകത്തിൽ ഇത് 22ഉം തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ആറുമാണ്. 'ടെസ്റ്റ് പെര്‍ മില്ല്യൻ vs കേസ് പെര്‍ മില്യൻ' മാനദണ്ഡപ്രകാരവും കേരളം മികച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമർശനം ഉന്നയിക്കുന്നവർ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ ശ്രമിക്കണം. തെറ്റിദ്ധാരണയുണ്ടാക്കി പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നതിന് പകരം കാര്യങ്ങളെ ശാസ്‌ത്രീയമായി സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.