തിരുവനന്തപുരം: തിരുവനന്തപുരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 15 ആണ്. കേരളത്തിന്‍റെ മൊത്തം നിരക്ക് 9.1 ആണ്. രോഗവ്യാപന തോത് കണക്കാക്കുന്ന കേസെസ് പെർ മില്യൺ നോക്കിയാലും തിരുവനന്തപുരത്തിന്‍റെ അവസ്ഥ ഗുരുതരമാണ്. പത്ത് ലക്ഷം പേരിൽ 1403 പേർ കൊവിഡ് ബാധിതർ എന്നതാണ് തലസ്ഥാനത്തിന്‍റെ സ്ഥിതി. ജില്ലയിലെ സ്ഥിതി വരുന്ന രണ്ടാഴ്‌ചയിൽ കൂടുതൽ ഗുരുതരാവസ്ഥയിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ദിനംപ്രതിയുള്ള കണക്ക് 1500 രോഗികൾ എന്നതിലേക്ക് വരെ എത്താം.
തിരുവനന്തപുരത്ത് 7133 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 39,415 പേരും ചികിത്സയിലുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ തലസ്ഥാനത്ത് 6597 പേർക്കാണ് രോഗം ബാധിച്ചത്. സാമൂഹിക വ്യാപനം അടക്കം നടന്ന സ്ഥലങ്ങളിൽ തുടക്കത്തിൽ പരിശോധന കുറച്ചതാണ് ഈ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമെന്ന് വിമർശനമുണ്ട്. അന്തർജില്ലാ യാത്രകൾക്കുള്ള നിയന്ത്രണം കുറച്ചതോടെ തിരുവനന്തപുരത്തെ അവസ്ഥ മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാൻ സാധ്യതയേറെയാണെന്നും ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് 26,519 പേരാണ് ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലുള്ളത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും ചികിത്സ ഉറപ്പിക്കാനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നുറപ്പാണ്. ശാരീരിക പ്രശ്‌നങ്ങളില്ലാത്തവരെ വീടുകളിൽ തന്നെ ചികിത്സിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ പുതിയ നീക്കം. ഗുരുതര പ്രശ്‌നങ്ങളുള്ളവരെ മാത്രം ആശുപത്രിയിലേക്ക് മാറ്റും. മരണ നിരക്കിലെ കുറവാണ് ആശ്വാസം നൽകുന്നത്. രാജ്യത്തെ മുഴുവൻ കണക്ക് പരിശോധിച്ചാൽ പ്രധാന നഗരങ്ങളിൽ തിരുവനന്തപുരം ഏഴാം സ്ഥാനത്താണ്. പൂനെ, ഡൽഹി, നാഗ്‌പൂർ, ബെംഗളൂരു, ഈസ്റ്റ് ഗോദാവരി, നാസിക് തുടങ്ങിയ നഗരങ്ങളാണ് തിരുവനന്തപുരത്തെക്കാൾ രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ. മുബൈയിൽ പത്ത് ലക്ഷത്തിൽ 1212 രോഗികളും ചെന്നൈയിൽ 991 പേരും രോഗബാധിതരാകുന്നുണ്ട്.