തിരുവനന്തപുരം: കൊവിഡ് ചികിത്സയിൽ കഴിയുന്ന രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ സംവിധാനമൊരുക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. വീട്ടുകാരെ വിളിക്കാം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
മെഡിക്കല്‍ കോളജിലെ ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ബാലരാമപുരം സ്വദേശിയോട് വീഡിയോ കോളിലില്‍ സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പദ്ധതിക്ക് തുടക്കം കുറിച്ചു. വാര്‍ഡിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു. മെഡിക്കല്‍ കോളജ് അലുമിനി അസോസിയേഷന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊവിഡ് രോഗികളുടെ ചികിത്സാ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ബന്ധുക്കള്‍ക്കും അറിയുന്നതിന് പദ്ധതി സഹായകമാകും. ആശുപത്രി ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ ഇതിനായി മൂന്ന് പേരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് വാര്‍ഡുകളിലും ഫോണും ടാബും നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
രോഗികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ്. ആയി അയച്ചാല്‍ ബന്ധുക്കള്‍ക്ക് രോഗിയുമായി വീഡിയോ കോള്‍ വഴി സംസാരിക്കാനുള്ള സൗകര്യം ആരോഗ്യ പ്രവര്‍ത്തകര്‍ ഒരുക്കും.
ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കും. നാളെ മുതലാണ് ഈ സേവനം ലഭ്യമാകുക. ഈ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍റെ 0471 2528225 എന്ന നമ്പരില്‍ ബന്ധപ്പെടാം.
READ MORE: സംസ്ഥാനത്ത് 12,078 പേർക്ക് കൂടി COVID 19 ; 136 മരണം