തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആക്‌ടീവ് രോഗികളെ പട്ടികയില്‍ നിന്നൊഴിവാക്കുന്ന മാനദണ്ഡത്തില്‍ മാറ്റം. പുതിയ മാനദണ്ഡം അനുസരിച്ച് കൊവിഡ് സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിന് ശേഷം ലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കും. ഇവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.
ഈ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കിയതിന് പിന്നാലെ ദിവസേനയുള്ള രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തി. ഫെബ്രുവരി ഒന്നിന് 36,8051 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ പുതിയ നിര്‍ദേശം നടപ്പിലാക്കിയതോടെ എണ്ണം കുറഞ്ഞു.
ഞായറാഴ്‌ചയുള്ള (13.02.22) കണക്ക് പ്രകാരം 1,60,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇതോടെ നമ്മുടെ ചികിത്സ സംവിധാനത്തിനും ഏറെ ആശ്വാസമായിട്ടുണ്ട്. 60 വയസില്‍ മുകളിലുള്ള രോഗലക്ഷണമുള്ള കൊവിഡ് ബാധിതരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രമേഹം, രക്തസമ്മര്‍ദം, വൃക്കരോഗം എന്നിവയുള്ളവരെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. സ്റ്റിറോയ്‌ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, കീമോതെറാപ്പി ചെയ്യുന്നവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ഡയാലിസിസ് രോഗികള്‍ എന്നിവരെയും പ്രായം നോക്കാതെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിര്‍ദേശം. പരമാവധി ചികിത്സ ഇവര്‍ക്ക് നല്‍കാനാണ് തീരുമാനം. സംസ്ഥാനത്തെ കൊവിഡ് മരണങ്ങളില്‍ ഏറെയും 60 വയസിന് മുകളിലുള്ളവരായതിനാലാണ് ഈ പ്രായപരിധിയിലുള്ള രോഗികളെ ആശുപത്രികളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Also Read:അധിക ചെലവെന്ന് ആരോപിച്ച് കൊവിഡ് പരിശോധന നിര്‍ത്തി ലാബുകള്‍ ; പ്രതിസന്ധിയിലായി അടിയന്തര ആവശ്യക്കാര്‍
സംസ്ഥാനത്ത് ഞായറാഴ്‌ച (13.02.22) വരെയുള്ള കണക്കുകള്‍ അനുസരിച്ച് 16,199 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ 80 ശതമാനത്തിലേറെയും പ്രായമായവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരുമാണ്. ഇത് കണക്കിലെടുത്താണ് രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ നടപടി ആരംഭിച്ചത്.