തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനും സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം കുറയ്ക്കാനുമാണ് വാര്‍ഡ് തല സമിതികള്‍ ശക്തമാക്കുന്നത്.
എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം
കൊവിഡിന്‍റെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം രോഗ വ്യാപനം കുറയ്ക്കുന്നില്‍ സഹായകമായിരുന്നു. വാര്‍ഡ് തല കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കും.
കൂടാതെ വോളണ്ടിയർമാരെ സജീവമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി ഉള്‍കൊള്ളിച്ചാകും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
Also Read:കുത്തനെ ഉയര്‍ന്ന് കൊവിഡ്; 22,946 പേര്‍ക്ക് കൂടി രോഗം
വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഹോസ്റ്റലുകള്‍ ഏറ്റെടുക്കും.
ഓരോ പ്രദേശത്തുമുള്ള കൊവിഡ് കേസുകളുടെ വര്‍ധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങള്‍ തദ്ദേശ സ്വാപനങ്ങള്‍ക്ക് നല്‍കും. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.