തിരുവനന്തപുരം: നെടുമങ്ങാട് പേരുമല സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാബു (61) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ടാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24-ാം തിയതി ശ്വാസതടസ്സവും പനിയുമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ബാബുവിനെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തിരുന്നു. ആരോഗ്യനില വഷളായതിനെ ബുധനാഴ്‌ച മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ കൊവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് വാർഡിലേക്ക് മാറ്റി. എന്നാൽ വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചേമുക്കാലോടെ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്താതതിൽ വിമർശനം ഉയരുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ ബാബുവിന്‍റെ കിടക്കയ്ക്ക് സമീപം ചികിത്സയിൽ കഴിയുകയായിരുന്ന ആനാട് മണിയംകോട് സ്വദേശിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു.