തിരുവനന്തപുരം: മനസിന്‍റെ ധൈര്യത്തിന് മുന്നില്‍ ബാക്കിയെല്ലാം നിഷ്‌പ്രഭം... ലോകം മുഴുവൻ കൊവിഡ് എന്ന മഹാമാരിയില്‍ വിറങ്ങലിച്ച് നിന്നപ്പോൾ മരുന്നിനെക്കാൾ ഏറെ മനസിന്‍റെ ധൈര്യമാണ് നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ആ ധൈര്യം നല്‍കാൻ ആരെങ്കിലും തയ്യാറാകുന്നത് വലിയ കാര്യം. അങ്ങനെയൊരു കഥയാണിത്...
കഥയല്ലിത് ജീവിതം
ക്ലിനിക്കൽ സൈക്കോളജിയിൽ പിജിക്ക് ശേഷം തിരുവനന്തപുരം പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രത്തിൽ പ്രായോഗിക പരിശീലനം നേടുകയായിരുന്നു നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി മുപ്പത്തിമൂന്നുകാരനായ നിധിൻ. ആ സമയത്താണ് കേരളത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്.
വോളന്‍ററി സർവീസായി സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ടെന്ന് അറിഞ്ഞ നിധിൻ നേരെ എത്തിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ. അന്നു തുടങ്ങിയതാണ് കൊവിഡ് രോഗികൾക്കൊപ്പമുള്ള നിധിൻ എഎഫിന്‍റെ മറ്റൊരു ജീവിതം. കഴിഞ്ഞ വർഷം മാർച്ച് 17നാണ് നിധിൻ ജനറൽ ആശുപത്രിയിൽ എത്തുന്നത്. ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് ധൈര്യവും ആത്മവിശ്വാസവുമായി നിധിൻ എത്തിയിട്ട് 460 ദിവസങ്ങൾ പിന്നിട്ടു.
ഒരിക്കൽ പോലും അവധിയെടുത്ത് വീട്ടിലിരുന്നിട്ടില്ല. ഇക്കഴിഞ്ഞ പത്തിന് ആയിരുന്നു നിധിന്‍റെ വിവാഹ നിശ്ചയം. ജോലി സമയത്തിന് ഇടയിലെ ചെറിയ ഇടവേളയിൽ ചടങ്ങ് നടത്തി നിധിൻ തിരികെ ജോലിക്കെത്തി.
പ്രതിഫലം ദൈവത്തിന്‍റെ കണക്കിലുണ്ട്
കൊവിഡ് തീവ്രപരിചരണ വിഭാഗത്തിലെ അനുഭവങ്ങൾ പലതും മറക്കാൻ കഴിയാത്തതാണെന്ന് നിധിൻ പറയുന്നു. ആരോഗ്യം മോശമായി മരണപ്പെടുന്ന രോഗികൾ അവസാനമായി കാണുന്നതും സംസാരിക്കുന്നതും തങ്ങളോട് ആയിരിക്കും. അവർക്ക് പറയാനുള്ളതെല്ലാം കേൾക്കും... രോഗികൾക്ക് ബന്ധുക്കളുമായി ഫോണിൽ സംസാരിക്കാനും വീഡിയോ കോൾ ചെയ്യാനും നിധിൻ സൗകര്യമൊരുക്കി നൽകും.
കൊവിഡിനെ അതിജീവിക്കാൻ മനസിന്‍റെ കരുത്ത് വളരെ പ്രധാനപ്പെട്ടതാണ്. അതിനെ പരുവപ്പെടുത്തിയെടുക്കാനുള്ള വലിയ ദൗത്യമാണ് രോഗികൾക്ക് മുന്നിലുള്ളത്. കൊവിഡ് മുക്തമായി തിരിച്ചു പോകുമ്പോൾ മാസ്‌കിനുള്ളിലെ ആ ചിരികളാണ് ഈ കാലയളവിൽ കിട്ടിയ വലിയ പ്രതിഫലം. ഇന്നല്ലെങ്കിൽ നാളെ ദൈവത്തിന്‍റെ കണക്കിൽ എനിക്കുള്ള പ്രതിഫലം ഉണ്ടാകുമെന്നും നിധിൻ പറയുന്നു.
അഭിനന്ദനങ്ങൾ നന്ദി.. ഇനിയും ഏറെ ചെയ്യാനുണ്ട്
പറഞ്ഞാൽ തീരാത്ത കഥകളുണ്ട് ഈ നീണ്ട കാലയളവിൽ. പാപ്പനംകോട് സ്വദേശിയായ യുവാവ് കൊവിഡ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നതിനിടെ അയാൾക്ക് ഒപ്പം കൊവിഡ് ബാധിതരായ അച്ഛനും അമ്മയും മരണപ്പെട്ടു. ഇതറിഞ്ഞ ഇളയ സഹോദരന്‍റെ മാനസിക നില തെറ്റി. ഇക്കാര്യങ്ങൾ എങ്ങനെ തുറന്ന് പറയും.
ആ ദൗത്യവും നിധിനായിരുന്നു. രോഗം ഭേദമായ ശേഷം മാനസിന് ധൈര്യം നൽകി. വീട്ടുകാർക്കൊപ്പം കാര്യങ്ങൾ അവതരിപ്പിച്ചു. ഇതെല്ലാം കേട്ടിട്ടും അയാൾ പിടിച്ചു നിന്നു. ഒടുവിൽ പറഞ്ഞു "എനിക്ക് ഒന്ന് പൊട്ടിക്കരയണം. " ഒരിക്കൽ കൂടി കൗൺസിലിങ് നടത്തി അയാളെ മടക്കി അയക്കുകയായിരുന്നു നിധിൻ.
നിധിന്‍റെ പ്രവർത്തനങ്ങൾക്ക് വലിയ അഭിനന്ദന പ്രവാഹമാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, മന്ത്രി ജിആർ അനിൽ, വികെ പ്രശാന്ത് എം.എൽ.എ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പ്രശംസ വാക്കുകളുമായെത്തി. സാമ്പത്തിക പരാധീനതകൾ അലട്ടുന്നുണ്ടെങ്കിലും വാക്കുകളിൽ മനോധൈര്യം നിറച്ച് നിധിൻ ജനറൽ ആശുപത്രിയിലെ കൊവിഡ് ഐസിയുവിൽ ഉണ്ടാകും... കൊവിഡ് കാലം തീരുന്നതു വരെ...
ALSO READ: പ്രായമല്ല, ജാനകിയമ്മയുടെ മനസാണ് കൊവിഡിനെ ജയിച്ചത്... അതിജീവനത്തിന്‍റെ കണ്ണൂർ കഥ