തിരുവനന്തപുരം : ജില്ലയിൽ ഇന്ന് 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അപകടകരമായ നിലയിൽ ഉയരുകയാണ്. പൂന്തുറയിലാണ് സമ്പർക്ക രോഗബാധിതർ അധികവും. 55 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. ആര്യനാട് ഇന്ന് രണ്ടു പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായി.
നെടുമങ്ങാട് ചാങ്ങ എൽ.പി സ്കൂളിലെ ഹെഡ്‌മാസ്റ്റർക്കും രോഗം ബാധിച്ചു. ഇവർ ആര്യനാട് സ്വദേശിനിയാണ്. മണക്കാട് സ്വദേശനിയായ 24 കാരിക്കും ബീമപ്പള്ളി 35 കാരനും മുട്ടത്തറ സ്വദേശി 46 കാരനും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പൂന്തുറയിൽ കർശന നിയന്ത്രണൾ ഏർപ്പെടുത്തി. പൊലീസ് കമാൻഡോകളെ ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രദേശം പൂർണമായി അടച്ചു. അതിനിടെ ജില്ലയിലെ തീരമേഖലയിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി. പൂന്തുറയിലെ സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആര്യനാട് ഗ്രാമപഞ്ചായത്തിനെ കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കരോട് പഞ്ചായത്തിലെ 14, 15, 16 വാർഡുകളും കണ്ടെയ്‌ൻമെന്‍റ് സോണായി.