തിരുവനന്തപുരം : തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലും കൊവിഡിന്‍റെ അതിരൂക്ഷ വ്യാപനം. 393 വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 600 വിദ്യാര്‍ഥികള്‍ രോഗലക്ഷണത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാഫലം വരുമ്പോള്‍ കേസുകളുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കാനാണ് സാധ്യത.
വിദ്യാര്‍ഥികളെ കൂടാതെ രണ്ട് എച്ച്.ഒ.ഡിമാരടക്കം നിരവധിപേര്‍ക്ക് അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂയര്‍ ആഘോഷത്തിനുപുറമെ കോളജില്‍ തെരഞ്ഞെടുപ്പും നടന്നിരുന്നു. ഇതിനുപിന്നാലെയാണ് അതിരൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപനമുണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് കോളജും ഹോസ്റ്റലും അടച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Also Read: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് തുടക്കം
തിങ്കളാഴ്ച വരെ നേരത്തെ കോളജ് അടച്ചിരുന്നു. എന്നാല്‍ കൊവിഡ് കൂടുതല്‍ വിദ്യാര്‍ഥികളില്‍ സ്ഥിരീകരിച്ചതോടെ ഈ മാസം അവസാനം വരെ കോളജ് അടച്ചു. വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് അതിതീവ്രവ്യാപനം നടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ആക്ടീവ് ക്ലസ്റ്ററുകള്‍ വര്‍ധിക്കുകയാണ്. ഇതുകൂടാതെ സ്വകാര്യ കോളജില്‍ ഒമിക്രോണ്‍ ക്ലസ്റ്ററും നിലനില്‍ക്കുന്നുണ്ട്. നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്തെ കോളജുകള്‍ അടച്ചിടാന്‍ തീരുമാനമുണ്ടാകാനാണ് സാധ്യത.