തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 201 പേര്‍ക്ക്. ആദ്യമായാണ് ജില്ലയില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം 200 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല. പൂന്തുറ മേഖലയില്‍ മാത്രം 51 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയിലെ മറ്റ് തീരദേശ മേഖലകളിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
പുല്ലുവിളയില്‍ ഇന്ന് 19 പേര്‍ക്കും പെരുമാതുറയില്‍ ഒമ്പത് പേര്‍ക്കും അഞ്ചുതെങ്ങില്‍ നാല് പേര്‍ക്കും പൂവാറില്‍ മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. നഗരത്തില്‍ ആനയറയില്‍ 6 പേര്‍ക്കും ജഗതിയില്‍ രണ്ടു വയസുകാരനും മണക്കാട് നാല് പേര്‍ക്കും രോഗം ബാധിച്ചു. പൂവച്ചലില്‍ 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ഉണ്ടായ വെങ്ങാനൂരില്‍ ഇന്ന് നാല് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ബീമപള്ളിയില്‍ മൂന്ന് പേര്‍ക്കും പാറശ്ശാലയില്‍ 12 പേര്‍ക്കും ഇന്ന് രോഗബാധയുണ്ടായി.