തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തടവുകാരന്‍ മരിച്ചു. വിചാരണ തടവുകാരനായ മണികണ്‌ഠനാണ് (72) മരിച്ചത്. നാല് ദിവസം മുൻപാണ് മണികണ്‌ഠന് കൊവിഡ് സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞു വീണ മണികണ്‌ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി മണികണ്‌ഠൻ പരോളിലും പോയിട്ടില്ല. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. മണികണ്‌ഠന് രോഗം സ്ഥിരീകരിച്ച ശേഷം ജയിലില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകമായി രോഗം കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്ന നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചു.
കഴിഞ്ഞ ദിവസം 53 പേര്‍ക്കാണ് ജയിലില്‍ രോഗം സ്ഥിരീകരിച്ചത്. തടവുകാര്‍ക്ക് പുറമേ ജയിലിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ രോഗബാധിതരുടെ എണ്ണം 217 ആയി. രണ്ട് പ്രിസണ്‍ അസിസ്റ്റന്‍റുമാര്‍ക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച തടവുകാരെ ജയിലിനുള്ളിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ഈ ബ്ലോക്കിനെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കി മാറ്റിയിട്ടുണ്ട്. 975 തടവുകാരാണ് നിലവില്‍ പൂജപ്പുരയില്‍ ഉള്ളത്. ദിവസം 100 പേരെ വീതമാണ് പരിശോധന നടത്തുന്നത്. ഓരോ ദിവസത്തേയും പരിശോധനയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.