തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി ഐഎംഎ കേരള ഘടകം. ചടങ്ങുകള്‍, പ്രകടനങ്ങള്‍, പ്രക്ഷോഭങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും പ്രോട്ടോക്കോള്‍ പാലിച്ച് മാത്രം പ്രവര്‍ത്തിക്കുന്നു എന്ന് കര്‍ശനമായി ഉറപ്പാക്കണമെന്നാണ് ഐ.എം.എയുടെ ആവശ്യം. രോഗബാധിതരില്‍ അധികവും സമ്പര്‍ക്ക രോഗികളാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിര്‍ദേശവുമായി ഐഎംഎ മുന്നോട്ടു വന്നത്. രോഗാതുരതയില്‍ കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ഐ.എം.എ രാജ്യവ്യാപകമായി നടത്തിയ പഠനം സൂചിപ്പിക്കുന്നു.
പ്രധാനമായും സമ്പര്‍ക്ക രോഗം ചെറുക്കാൻ മാസ്‌ക് നിര്‍ബന്ധമായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ രണ്ട് മാര്‍ഗങ്ങളാണ് ഐഎംഎ മുന്നോട്ടു വയ്ക്കുന്നത്. കടകളിലും മറ്റും കൂട്ടം കൂടി നില്‍ക്കുന്നത് മൂലം രോഗ നിയന്ത്രണത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നാണ് ഐഎംഎ നിര്‍ദേശിക്കുന്നു. ആരോഗ്യ അടിയന്തരാവസ്ഥ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഐഎംഎ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. കൈകള്‍ സോപ്പിട്ടു കഴുകുക, സാനിട്ടൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നടപടികള്‍ കര്‍ശനനായി നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഐ.എം.എ നിര്‍ദേശിക്കുന്നു. ഇടുങ്ങിയ മുറികളില്‍ ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണം.
ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അലംഭാവം ഉടന്‍ അവസാനിപ്പിക്കണം. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പോസിറ്റീവ് ആകുന്നവരെ ഐസൊലേറ്റ് ചെയ്യണം. പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ ആവശ്യമാണ്. ജോലി സ്ഥലത്ത് പോകാനും അവശ്യ സാധനങ്ങള്‍ വാങ്ങാനുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക. മീറ്റിംഗുകള്‍, പ്രക്ഷോഭങ്ങള്‍, പ്രകടനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആളുകള്‍ അമിതമായി കൂടുന്നതിനാല്‍ ഇവ കര്‍ശനമായി നിയന്ത്രിച്ചേ മതിയാകൂ. ഇതു നടപ്പാക്കാന്‍ രാഷ്‌ട്രീയ, സാംസ്‌കാരിക നേതൃത്വങ്ങള്‍ രംഗത്തിറങ്ങണമെന്ന് ഐഎംഎ നിര്‍ദേശിക്കുന്നു.
ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 4538 പേരില്‍ 3997 പേര്‍ക്കം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. സെപ്റ്റംബര്‍ 27ന് രോഗബാധിതരായ 7445 പേരില്‍ 6404 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധ. ഈ ഗുരുതര സ്ഥിതി കണക്കിലെടുത്താണ് ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നത്.