തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. ഇതു വരെ 5880 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ സമ്പർക്ക രോഗബാധിതർ തിരുവനന്തപുരം ജില്ലയിലാണുള്ളത്. 2,115 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തിന് പുറമെ എറണാകുളം ജില്ലയിലും സമ്പർക്ക രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 701 സമ്പർക്ക രോഗികളാണ് ഇവിടെയുള്ളത്. 471 രോഗികൾ ഉള്ള ആലപ്പുഴയും 418 രോഗികൾ ഉള്ള കൊല്ലവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സമ്പർക്ക വൈറസ് ബാധിതർ. 55 പേർക്ക് മാത്രമാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് 101 സജീവ ക്ലസ്റ്ററുകളും 18 ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും ഉണ്ട്. തിരുവനന്തപുരം ജില്ലയിലും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ ക്ലസ്റ്ററുകൾ. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ രോഗബാധ രൂക്ഷമാകുന്നുണ്ട്. ആലുവയിലും കീഴ്‌മാട്, ചെല്ലാനം എന്നിവിടങ്ങളിലും സമ്പർക്ക രോഗികളുടെ എണ്ണം കൂടുതലാണ്.