തിരുവനന്തപുരം: കൊവിഡ് 19 രോഗഭീതിയിൽ റോഡുകൾ ഒഴിഞ്ഞതോടെ ദുരിതത്തിലായിരിക്കുകയാണ് ടാക്‌സി ഡ്രൈവർമാർ. വിനോദസഞ്ചാര മേഖല തകർന്നതും പല വ്യവസായ സ്ഥാപനങ്ങളും പ്രവർത്തനം ചുരുക്കുകയും ചെയ്‌തതോടെ ഇവർ പ്രതിസന്ധിയിലായി. ടാക്‌സി സ്റ്റാന്‍റുകളിൽ ഓട്ടവും കാത്തുള്ള ഇവരുടെ ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. പലർക്കും കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഒരു ട്രിപ്പ് പോലും ലഭിച്ചിട്ടില്ല. ഇതോടെ ഇവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്.
രാവിലെ ടാക്‌സി സ്റ്റാന്‍റിലെത്തി വൈകുന്നേരം നിരാശയോടെ മടങ്ങുകയാണ് ഡ്രൈവര്‍മാരുടെ ഇപ്പോഴത്തെ പതിവ്. കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഇവർ. സർക്കാരിൽ നിന്നും എന്തെങ്കിലും സഹായം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.