തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ ഒന്നും, രണ്ടും പ്രതികളാണ് ഇരുവരും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനൊന്നാണ് കേസ് പരിഗണിക്കുന്നത്.
ഈ മാസം 27 വരെയാണ് റിമാൻഡ് കാലാവധി. വധശ്രമം, ഗുഢാലോചന, എയർക്രാഫ്റ്റ് നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിന്നെ ഞങ്ങൾ 'വച്ചേക്കില്ലെടാ' എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യന്ത്രിക്ക് നേരെ വന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരൻ തടഞ്ഞത് കാരണം മുഖ്യമന്ത്രിക്ക് അപകടം ഉണ്ടായില്ല. കേസില്‍ ഗൗരവമുള്ള സംഭവം ഉള്ളതിൽനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.
എന്നാൽ മുദ്രാവാക്യം വിളിക്കുന്നത് എങ്ങനെയാണ് വധശ്രമം ആക്കുന്നതെന്ന് പ്രതിഭാഗം ചോദിച്ചു. പ്രതികൾ സമർപ്പിച്ച വാദം കോടതി പരിഗണിച്ചു. ഇതിനിടെ പ്രതികൾക്ക് എന്തെങ്കിലും പരാതിയുണ്ടോ എന്ന മജിസ്‌ട്രേറ്റ് ആരാഞ്ഞു. വിമാനത്തിൽ വച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ മർദിച്ചു എന്ന് പ്രതികള്‍ പറഞ്ഞു.
ഇത് പരാതിയായി പിന്നീട് സമർപ്പിക്കാം എന്ന് കോടതി നിര്‍ദേശിച്ചു. പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ പക്ഷപാതം കാട്ടുന്നു എന്ന് പ്രതിഭാഗം ആരോപിച്ചു. പ്രതികൾ സമർപ്പിച്ച ജാമ്യ അപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറയും. മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരൻ അനിലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
Also Read: വിമാനത്തില്‍ വച്ച് വധിക്കാൻ ശ്രമിച്ചു: ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി