തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധികരിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ്. 2021 ഫെബ്രുവരി 25ന് ഹാജരാകാനാണ് കോടതി ഉത്തരവ്. തിരുവനന്തപുരം രണ്ടാം അഡിഷണൽ മുൻസിഫ് കോടതി പാർവ്വതി വിജയന്‍റേതാണ് ഉത്തരവ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നിയമാവലിക്ക് വിരുദ്ധമായി കെപിസിസി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണം എന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് വി.എന്‍ ഉദയകുർ നൽകിയ ഹർജിയിലാണ് കോടതി നടപടി. കെ.പി.സി.സി, പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരാണ് കേസിലെ നാല് എതിർകക്ഷികള്‍. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിയമാവലി അനുസരിച്ച് കെപിസിസി ഭാരവാഹികളുടെ എണ്ണം 41 ആണ്.
ഇതിൽ നിന്നും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി തുടങ്ങിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും വേണം. ഇതിനു വിരുദ്ധമായാണ് 128 പേർ അടങ്ങുന്ന പട്ടിക പ്രസിദ്ധപ്പെടുത്തിയത് എന്നാണ് ഹരജിയിൽ ആരോപിക്കുന്നത്. മാത്രമല്ല കെ.പി.സി.സി റൂൾസിന് വിരുദ്ധമായി ചില വ്യക്തികളുടെ സ്വാധീനത്തിൽ വഴങ്ങി ചില വ്യക്തികളെ ജനറൽ സെക്രട്ടറിയും, സെക്രട്ടറിമാരുമായി നിയമിക്കാൻ ശ്രമം നടക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. ഹർജിക്കാരന് വേണ്ടി പുഞ്ചക്കരി ജി രവീന്ദ്രൻ നായർ ഹാജരായി.