തിരുവനന്തപുരം: സാക്ഷി വിസ്‌താരത്തിന് ഹാജരാകാതിരുന്ന വോഡാഫോൺ-ഐഡിയ കമ്പനിയുടെ നോഡൽ ഉദ്യോഗസ്ഥനായ എം.വി രാജേഷിന് അറസ്റ്റ് വാറണ്ട്. കേസിൽ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ രേഖകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് 87-ാം സാക്ഷിയായി എം.വി രാജേഷിനെ കോടതി വിസ്‌തരിക്കാനിരുന്നത്. തിരുവനന്തപുരം മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി സിജു ഷെയ്ക്കാണ് ഉത്തരവിട്ടത്. പലതവണ സമൻസ് അയച്ചിട്ടും എത്താതിരുന്നതിനാലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഓട്ടോ ഡ്രൈവറായ അനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണയാണ് കോടതി പരിഗണിക്കുന്നത്. ജീവൻ എന്ന വിഷ്‌ണു, എസ്.ബാബു, മനോജ്, മേരി രാജൻ, രാജേഷ് എന്നിവരാണ് കേസിലെ പ്രതികൾ. കൊലപാതകം, ക്രിമിനൽ ഗുഢാലോചന, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2019 മാർച്ച് 24ന് രാത്രി 11 മണിക്കാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.