തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ തിങ്കളാഴ്‌ച (ജൂൺ 20) കോടതിയിൽ ഹാജരാക്കാന്‍ ഉത്തരവ്. അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
കോടതി കേസ് പരിഗണിക്കുമ്പോൾ വിവാദം അല്ല പരിഗണിക്കുന്നത്, നിയമമാണെന്ന് ജില്ല ജഡ്‌ജി പറഞ്ഞു. കേസ് വിവാദമാക്കുവാൻ സർക്കാർ ശ്രമിക്കുകയാണെന്ന പ്രതിഭാഗ വാദത്തിന് മറുപടി നൽകുകയായിരുന്നു ജഡ്‌ജി. രണ്ട് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്.
കേസ് പരിഗണിക്കാൻ ജില്ല കോടതി ഏത് കോടതിയെ ചുമതലപ്പെടുത്തും എന്ന കാര്യത്തിൽ തിങ്കളാഴ്‌ച വാദം കേൾക്കും. കഴിഞ്ഞ 13ന് നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാരൻ അനിലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.