തിരുവനന്തപുരം: ഐഎസ്ആർഒ ഗുഢാലോചന കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യൂസിനെതിരെ സിബിഐ ആരോപിക്കുന്ന ജാമ്യമില്ല വകുപ്പുകൾ നിലനിൽക്കുന്നതാണോ എന്ന് കോടതി. സിബി മാത്യൂസിന് മുൻകൂർ ജാമ്യം നിഷേധിക്കാൻ തരത്തിലുള്ള ഘടകങ്ങൾ എഫ്ഐആറിൽ ഉണ്ടോയെന്നും കോടതി സിബിഐയോട് ആരാഞ്ഞു.
എന്നാൽ, കേസിലെ നാലാം പ്രതിയായായ സിബി മാത്യുസിൻ്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ അന്വേഷണ റിപോർട്ടുകൾ സിബിഐയുടെ കൈവശം ഉണ്ടെന്നും ഇത് കോടതിയിൽ ഹാജരാക്കാൻ തയ്യാറാണെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അറസ്റ്റിൽ ഉറപ്പുതരാൻ പറ്റില്ലെന്ന് സിബിഐ
കോടതി സിബി മാത്യുവിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ, സിബിഐയുടെ പുതിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുമോ എന്ന അഭിഭാഷകൻ്റെ ചോദ്യത്തിന്, അറസ്റ്റ് ചെയ്യില്ല എന്ന ഉറപ്പ് നൽകുവാൻ കഴിയില്ല എന്നായിരുന്നു സിബിഐയുടെ മറുപടി. ഇതേതുടർന്ന്, കോടതി റിപ്പോർട്ട് ഹാജരാക്കുവാൻ സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.
Also Read: 'നമ്പി നാരായണൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു;' ഹർജി സിജെഎം കോടതിയുടെ പരിധിയിൽ വരില്ലെന്ന് സിബിഐ
സിബി മാത്യു, കെ.കെ. ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നും സിബിഐയോട് കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ഇവരെ ഒരു ലക്ഷം രൂപയുടെ ജാമ്യ വ്യവസ്ഥയിൽ വിടണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
കേസിലെ പ്രമുഖർ
മുൻ പൊലീസ്, ഐബി ഉദ്യോഗസ്ഥൻമാർ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. ഗുഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, കസ്റ്റഡി മർദനം, അപകീർത്തിപ്പെടുത്തൽ തുടങ്ങി പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഒന്നാം പ്രതി പേട്ട മുൻ സിഐ എസ്. വിജയൻ, രണ്ടാം പ്രതി പേട്ട മുൻ എസ്ഐ തമ്പി എസ്. ദുർഗാദത്ത്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ വി.ആർ. രാജീവ്, മുൻ പൊലീസ് മേധാവി സിബി മാത്യു, കെ.കെ. ജോഷ്വ, മുൻ ഐബി ഡെപ്യൂട്ടി ഡയറക്‌ടർ ആർ.ബി. ശ്രീകുമാർ എന്നീ ഉന്നത ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ.
ചാരക്കേസിൻ്റെ തുടക്കം മുതലുള്ള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും മുദ്രവച്ച കവറിൽ സിബിഐ കോടതിയിൽ ഹാജരാക്കി. കേസിൻ്റെ തുടർ നടപടി ജൂലൈ 26 ന് കോടതി വീണ്ടും പരിഗണിക്കും.