തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളെ മുതിർന്ന വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കളുടെ പ്രതിഷേധം തുടരുന്നു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ സ്‌കൂൾ അധികൃതർ നടപടി എടുക്കാത്ത പശ്ചാത്തലത്തിൽ തിങ്കളാഴ്‌ച(25.07.2022) രാവിലെ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. മന്ത്രി ആൻ്റണി രാജുവിനോട് ചെറിയ കുട്ടികളുടെ രക്ഷിതാക്കൾ നേരിട്ട് പരാതിപ്പെട്ടെങ്കിലും ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല.
തങ്ങളുടെ ആശങ്ക പരിഹരിക്കാൻ സ്‌കൂൾ മാനേജ്‌മെൻ്റോ പ്രിൻസിപ്പലോ തയാറായിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഒന്ന് സംസാരിക്കാൻ പോലും സ്‌കൂൾ അധികൃതർ തയാറായിട്ടില്ല. മുതിർന്ന കുട്ടികളുടെ ഭീഷണിയ്‌ക്ക് ഇരയായ ചെറിയ കുട്ടികൾ സംഭവത്തിന് ശേഷം ഇതുവരെ സ്‌കൂളിൽ എത്തിയിട്ടില്ല. കുട്ടികൾ മാനസികമായി തകർന്ന അവസ്ഥയിലാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്താൻ സ്‌കൂൾ അധികൃതർ തയാറാകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
കുറ്റക്കാരായ കുട്ടികൾക്കെതിരെ എന്ത് നടപടിയാണ് എടുക്കുന്നതെന്ന് തങ്ങളെ അറിയിക്കും വരെ സ്‌കൂളിനു മുന്നിൽ പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.