തിരുവനന്തപുരം : കോട്ടണ്‍ഹില്‍ സ്‌കൂളിൽ ജൂനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് മൂന്ന് ദിവസത്തിനകം പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. റാഗിങ് സംബന്ധിച്ച് പൊലീസിനടക്കം പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരോപണ വിധേയരായ വിദ്യാര്‍ഥികളെ കണ്ടെത്താനോ ആക്രമിക്കപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനോ നടപടി സ്വീകരിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം ആരംഭിച്ചത്. മൂത്രപ്പുരയിലേക്കെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ മുഖം മറച്ചെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തുവെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തി.
റാഗിങ്ങിനെ തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ട വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് കുറ്റക്കാരെ കണ്ടെത്തി നടപടി എടുത്തില്ലെങ്കിൽ ഹെഡ്‌മാസ്റ്ററെ സ്‌കൂൾ വിട്ട് പോകാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ പ്രഖ്യാപിച്ചു.
പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ പരിപാടിയും ഇന്ന് (26.07.2022) കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന കേരള പൊലീസിന്‍റെ കൂട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പരിസരത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.