കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പുരപ്പുറം സോളാർ വൈദ്യുത പദ്ധതിയുടെ മറവിൽ 1000 കോടിയിലധികം രൂപയുടെ അഴിമതി നടക്കുന്നു. കെ.എസ് ഇ.ബി സൗജന്യമായി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി അട്ടിമറിച്ചാണ് ടാറ്റ കമ്പനിക്ക് കൈമാറിയത്. കേരളത്തിലെ സംരംഭകർക്ക് താങ്ങാൻ കഴിയാത്ത നിബന്ധനകൾ കൊണ്ടുവന്ന് അംഗീകൃത കമ്പനികളെ സർക്കാർ ബോധപൂർവ്വം ടെണ്ടറിൽ നിന്നും മാറ്റിനിര്‍ത്തുകയാണന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉത്പാദകൻ മറ്റു സംസ്ഥാനങ്ങളിലേക്കാൾ 10000 മുതൽ 18000 രൂപ വരെ അധികമായി നൽകണം. മറ്റു സംസ്ഥാനങ്ങളിൽ അഞ്ച് വർഷത്തെ കരാറിൽ പദ്ധതി നടപ്പാക്കുമ്പോൾ രണ്ടു വർഷത്തെ കരാറിലാണ് കേരള സർക്കാർ ടാറ്റയുമായി കരാർ ഉണ്ടാക്കിയത്. 35000 രൂപക്ക് മറ്റു സംസ്ഥാനങ്ങളിൽ കിട്ടുന്ന ഒരു കിലോവാട്ട് വൈദ്യുതിക്ക് കേരളത്തിൽ 48000 രൂപയാണ് വില. വൈദ്യുതി മന്ത്രിക്കും വ്യവസായ മന്ത്രിക്കും മുഖ്യമന്ത്രിക്കും അഴിമതിയിൽ നേരിട്ട് പങ്കുണ്ടന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
രണ്ട് വർഷത്തെ കരാറിന് ശേഷം സോളാറിൽ അറ്റകുറ്റപ്പണികൾ ആരുനടത്തും എന്നതിലും ഇൻഷുറൻസ് തുക ആരടയ്ക്കും എന്നതിലും വ്യക്തതയില്ല. നിക്ഷേപ തുക വർധിപ്പിച്ച് കേരള കമ്പനികളെ കഴിവാക്കിയതും വൻ അഴിമതി ലക്ഷ്യമിട്ടാണന്നും സുരേന്ദ്രൻ ആരോപിക്കുന്നു. 40 ശതമാനം വരെ കേന്ദ്രം സബ്‌സിഡി പ്രഖ്യാപിച്ച സൗര പദ്ധതി കേരളത്തിൽ അട്ടിമറിച്ചു. പാർട്ടി യോഗം കൂടി എല്ലാ വകുപ്പിലും സർക്കാർ അഴിമതി നടത്തുകയാണ്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ മറയാക്കി ആരോപണങ്ങളിൽ നിന്നും തലയൂരുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.