തിരുവനന്തപുരം: വാമനപുരം പഞ്ചായത്തിന്‍റെ അക്കൗണ്ടിൽ നിന്നും ഏഴര ലക്ഷം രൂപ തട്ടിച്ചെടുത്ത കേസിൽ മുൻ സെക്രട്ടറിക്കും, യു.ഡി ക്ലർക്കിനും മൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. വാമനപുരം പഞ്ചായത്ത് മുൻ സെക്രട്ടറിയും നെയ്യാറ്റിൻകര സ്വദേശിനിയുമായ പുഷ്പരത്‌നം, മുൻ യു.ഡി ക്ലർക്കും ചെമ്പഴന്തി സ്വദേശിനിയുമായ ജാനറ്റ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
അഴിമതി നിയമത്തിലെ വകുപ്പുകളായ 13(1)(സി),(ഡി)എന്നിവ പ്രകാരം ആറു വർഷവും, ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഗുഢാലോചന, വ്യാജ രേഖ ചമയ്ക്കൽ എന്നിവ പ്രകാരം പന്ത്രണ്ട് വർഷവുമാണ് ശിക്ഷ. എന്നാൽ രണ്ടു പ്രതികളും ശിക്ഷ ഒരുമിച്ച് മൂന്നു വർഷം അനുഭവിച്ചാൽ മതി. കൂടാതെ ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്‌ജി സ്‌നേഹലതയുടേതാണ് ഉത്തരവ്.
സെപ്റ്റംബർ 25 മുതൽ 2002 മാർച്ച് 30 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ജി.പി.ഡി പദ്ധതി പ്രകാരം ലഭിക്കുന്ന തുകയിൽ അധികം വരുന്ന സർക്കാർ പണം രണ്ടു പ്രതികളും വ്യജമായി രേഖകൾ ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. ഗ്രാമ പഞ്ചയത്തിലെ ഔദ്യോഗിക ചെക്കുകളിൽ അധിക തുക എഴുതുകയും ഇത് ട്രഷറിയിൽ നിന്നും പിൻവലിക്കും ഇതിനു ശേഷം പഞ്ചയാത്ത് രേഖകൾ ഉള്ള ചെറിയ തുകകൾ രേഖപ്പെടുത്തുകയും ചെയ്‌തു. സർക്കാർ നടത്തിയ ഓഡിറ്റിലാണ് അഴിമതി കണ്ടെത്തിയത്. തുടർന്ന് വിജിലൻസിന് പരാതി നൽകുകയായിരുന്നു.