തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ കവാടത്തിന് മുന്‍പില്‍ പ്രവർത്തകർ, മേയറുടെ കോലം കത്തിച്ചു. സാഹചര്യം വഷളായതോടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംഘർഷത്തിനിടെ കോർപ്പറേഷന്‍റെ മതിൽ തകർന്നു. കോൺഗ്രസ് പ്രവർത്തകർ നഗരസഭയുടെ വളപ്പിൽ ചാടിക്കടന്നതോടെ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. ഇവർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. നഗരസഭയുടെ മതിൽ പൊളിച്ചതിനാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനും പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കും.
ഇവരെ പൊലീസ് സ്റ്റേഷനിൽ മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ മ്യൂസിയം സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സമരത്തിനിടെ രണ്ട് വനിത പൊലീസുകാർക്കും മഹിള കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. അതേസമയം, നഗരസഭ ഓഫിസിന് പുറത്ത് ബിജെപി പന്തൽ കെട്ടി സമരം ആരംഭിച്ചു.