തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കാസര്‍കോട് കാഞ്ഞാങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്ന് എത്തിയതാണ് ഈ വിദ്യാര്‍ഥി. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് മറ്റൊരിടത്തും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല.
നിയമസഭയല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ല. ആദ്യം തൃശ്ശൂരിലും പിന്നെ ആലപ്പുഴയിലുമാണ് നേരത്തെ വൈറസ് സ്ഥിരീകരിച്ചത്. ആകെ 104 സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക് അയച്ചത്. ഇതിൽ ഫലം ലഭിച്ച 36 എണ്ണം നെഗറ്റീവായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രികളുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
.