തിരുവനന്തപുരം: 13-ാം നമ്പർ കാർ വിവാദത്തിന് വിരാമമാകുന്നു. മന്ത്രിമാർക്ക് കാറും ഓഫീസും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കൃഷി മന്ത്രി പി പ്രസാദിനാണ് 13-ാമത് നമ്പറിലുള്ള കാർ അനുവദിച്ചത്.
ALSO READ: ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് 29 വകുപ്പുകള്‍ കൂടി
13-ാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ഏത് മന്ത്രി ഏറ്റെടുക്കുമെന്ന് മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മന്ത്രിമാർ രാജ്ഭവനിലേക്ക് പോയ വാഹന നമ്പറുകളില്‍ 13-ാം നമ്പർ കാര്‍ ഇല്ലാത്തത് ചര്‍ച്ചയായിരുന്നു.
ഇടത് നേതാക്കൾക്ക് അന്ധവിശ്വാസമാണെന്ന തരത്തിലുള്ള ചർച്ച ചൂടുപിടിക്കുന്നതിനിടെയിലാണ് 13-ാം നമ്പർ കാർ പി. പ്രസാദിന് അനുവദിച്ചത്. മറ്റ് മന്ത്രിമാർക്കും കാർ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കിനായിരുന്നു 13-ാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് മന്ത്രിമാരാരും 13-ാം നമ്പർ കാർ ഏറ്റെടുത്തിരുന്നില്ല.
ഈ നമ്പര്‍ നിര്‍ഭാഗ്യമുണ്ടാക്കും എന്നതരത്തിലുള്ള വിശ്വാസം നിലനില്‍ക്കുന്നതിനാലാണ് കാറുകള്‍ ആരും ഏറ്റെടുക്കാതിരുന്നത്. അതേസമയം, വി.എസ്. സർക്കാരിന്‍റെ കാലത്ത് വിദ്യാഭ്യാസമന്ത്രി എം.എ ബേബിക്ക് ആയിരുന്നു 13-ാം നമ്പർ കാർ അനുവദിച്ചിരുന്നത്.