തിരുവനന്തപുരം: ശ്രീകാര്യം സിഎടി എന്‍ജിനീയറിങ് കോളജിന് സമീപത്തെ വിവാദമായ ബസ്‌കാത്തിരിപ്പ് കേന്ദ്രം തിരുവനന്തപുരം കോര്‍പറേഷന്‍ പൊളിച്ചു. നിലവിലെ ബസ്‌കാത്തിരിപ്പ് കേന്ദ്രം റസിഡന്‍സ് അസോസിയേഷന്‍ അനധികൃതമായി നിര്‍മിച്ചതാണ്. പകരം ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബസ് സ്റ്റോപ്പ് നിര്‍മിക്കുമെന്നാണ് കോര്‍പറേഷന്‍റെ വിശദീകരണം.
കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും എത്തിയാണ് ബസ്റ്റ് സ്റ്റോപ്പ് പൊളിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ചു മാറ്റി പകരം ഒരാള്‍ക്ക് വീതം ഇരിക്കാന്‍ സാധിക്കുന്ന മൂന്ന് ബെഞ്ചാക്കി മാറ്റിയത് ഏറെ വിവാദമായിരുന്നു. വിദ്യാര്‍ഥികള്‍ ഇതില്‍ കിടക്കുകയും കൂട്ടം കൂടി അടുത്തിരിക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ചാണ് റസിഡന്‍സ് അസോസിയേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് ഇരിപ്പിടമാക്കി മാറ്റിയത്.
ഇതിന് പിന്നാലെ വിദ്യാർഥികൾ ഒരുമിച്ച് ഇരിക്കുന്നതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുള്ളൂ മടിയില്‍ ഇരിക്കാലോ എന്ന തലക്കെട്ടോടെ ആയിരുന്നു ഫോട്ടോ വിദ്യാര്‍ഥികള്‍ പങ്കുവച്ചത്. പിന്നാലെ റസിഡന്‍സ് അസോസിയേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വീണ്ടും നവീകരിക്കാന്‍ ശ്രമിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി എഴുതിയ മുദ്രാവാക്യങ്ങളും വരച്ച ചിത്രങ്ങളും പെയിന്‍റ് അടിച്ച് മറയ്ക്കുകയും ചെയ്‌തിരുന്നു.