തിരുവനന്തപുരം: പേവിഷബാധ ഏൽക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍മ്മ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് പദ്ധതി തയാറാക്കുന്നത്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ മേല്‍നോട്ടത്തിലാകും കര്‍മ്മ പദ്ധതി നടപ്പാക്കുക.
തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കും.
ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്‍ററുകള്‍ സ്ഥാപിക്കും. മൃഗങ്ങളുടെ കടിയേല്‍ക്കുന്നത് വര്‍ധിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പേവിഷബാധയ്‌ക്കെതിരായ വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കുന്നതും കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടിയേറ്റവര്‍ വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പാക്കണം.
വാക്‌സിനേഷന്‍റെ ആവശ്യകതയെ കുറിച്ച് ബോധവത്‌കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടെന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ മന്ത്രിതല യോഗം ചേര്‍ന്നിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.