തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സംഭവിക്കുന്ന പരിക്ക് വലിയ ആശങ്ക തീർക്കുകയാണ്. ഉപജില്ല, ജില്ല മത്സരങ്ങൾ കഴിഞ്ഞു വരുന്ന വിദ്യാർഥികളായതിനാൽ കൊവിഡിന്‍റെ ഇടവേള മത്സരാർഥികളെ ക്ഷീണിപ്പിക്കുന്നില്ലെങ്കിലും മുൻപ് സംഭവിച്ച പരിക്കുകൾ വേണ്ട രീതിയിൽ ശ്രദ്ധിക്കാതെ വീണ്ടും മത്സരത്തിൽ പങ്കെടുക്കുന്നത് അപകടം വരുത്തിവയ്‌ക്കുന്നു. ഇഞ്ചുറികൾ പരിഗണിക്കാതെ സ്‌കൂളുകൾ വിദ്യാർഥികളെ മത്സരിപ്പിക്കുന്നത് കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
ബെസ്റ്റ് സ്‌കൂൾ കോമ്പറ്റീഷൻ മത്സരങ്ങൾ വന്നതോടുകൂടി പരിക്ക് പറ്റിയ വിദ്യാർഥികളെ മത്സരിപ്പിക്കാൻ സ്‌കൂളുകൾ ഫോഴ്‌സ് ചെയ്യുന്നു എന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്. സ്‌കൂളിന്‍റെ സ്വാർഥ താത്‌പര്യങ്ങൾക്ക് വേണ്ടി പരിക്കേറ്റ വിദ്യാർഥികളെ മത്സരിപ്പിക്കുന്നത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോച്ചുമാരും പറയുന്നു.
ആയുർവേദം, അലോപ്പതി, ഹോമിയോ എന്നീ മൂന്ന് വിഭാഗങ്ങളുടെ സേവനങ്ങളാണ് മെഡിക്കൽ ടീം ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം സ്പോർട്‌സ് ഫിസിയോതെറാപ്പിസ്റ്റ് സേവനങ്ങളും ഇവിടെ ലഭ്യമാണ്. എന്നാൽ സീരിയസ് അപകടങ്ങൾ സംഭവിക്കുന്നത് നേരത്തെ ഉള്ള ഇഞ്ചുറികൾക്ക് മുകളിലാണെന്നും അവ പരിഹരിക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് ഫിസിയോതെറാപ്പിസ്റ്റുകൾ പറയുന്നത്.
സ്വാർഥ താത്‌പര്യങ്ങൾക്ക് വേണ്ടി പരിക്കിനെ അവഗണിച്ച് താരങ്ങളെ മത്സരത്തിന് ഇറക്കുമ്പോൾ നഷ്‌ടമാകുന്നത് ഭാവിയിലെ കായിക സ്വപ്‌നങ്ങൾ ആയിരിക്കും.