തിരുവനന്തപുരം: കൺസൾട്ടൻസി നിയമനത്തില്‍ മന്ത്രി എ.കെ ബാലനെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് ഭരണകാലത്ത് വഴിവിട്ട കൺസൾട്ടൻസി നിയമനം നടന്നിട്ടുണ്ടെങ്കിൽ വെളിപ്പെടുത്താൻ ഉമ്മൻ ചാണ്ടി വെല്ലുവിളിച്ചു. കൂടുതൽ കൺസൾട്ടൻസികളെ നിയമിച്ചത് യുഡിഎഫ് ഭരണകാലത്താണെന്ന എ.കെ ബാലൻ്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വഴിവിട്ട് കൺസൾട്ടൻസികളെ നിയമിച്ചെങ്കിൽ അന്നത്തെ പ്രതിപക്ഷം അക്കാര്യം എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. സംസ്ഥാനത്തെ യുവാക്കൾ അസ്വസ്ഥരാണെന്നും അര്‍ഹതയുള്ള ജോലി ലഭിക്കുമെന്ന വിശ്വാസം അവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇന്ന് ആർക്കും എന്തുമാകാമെന്ന നിലയാണുള്ളതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.