തിരുവനന്തപുരം: സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനോട് സഹകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഉത്തരവ് നിലനിൽക്കുന്ന ഒക്‌ടോബർ 31 വരെ സർക്കാരുമായി സഹകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ ഉത്തരവ് സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മറയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോകില്ല. മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസലുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് എന്ത് ബന്ധമാണുള്ളതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.