തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമന വിവാദത്തിൽ സ്വജന പക്ഷപാതം കാട്ടിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കോൺഗ്രസ് ഗവർണറെ സമീപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണ് ഗവർണറോട് അനുമതി തേടിയത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കണ്ടുവെന്ന് ഗവര്‍ണര്‍ തന്നെ പരസ്യമായി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സ്വജന പക്ഷപാതം നടന്നുവെന്ന് വ്യക്തമാണെന്ന് ഗവർണർക്ക് നൽകിയ കത്തിൽ പറയുന്നു.
ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. ഇതു സംബന്ധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിക്ക് താൻ നൽകിയ ഹർജിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ നിയമന അതോറിറ്റി എന്ന നിലയിൽ ഗവർണറുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിൽ പ്രോസിക്യൂഷന് അനുമതി വേണമെന്ന് ജ്യോതികുമാർ കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, ഗവർണർ-മുഖ്യമന്ത്രി പോര് അതിന്‍റെ എല്ലാ സീമയും ലംഘിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഗവർണർക്ക് ലഭിച്ച സുവർണാവസരണാണ് ജ്യോതികുമാറിന്‍റെ പ്രോസിക്യൂഷൻ അനുമതി അപേക്ഷയെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സ്വജന പക്ഷപാതമാണ് വി.സി നിയമനത്തിൽ നടന്നതെന്ന് പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പ്രോസിക്യൂഷന് അനുമതി നൽകാതിരിക്കാൻ ഗവർണർക്കുമാകില്ല. അനുമതി നല്‍കിയാല്‍ മുഖ്യമന്ത്രിക്ക് ആഭ്യന്തര, വിജിലൻസ് വകുപ്പുകള്‍ കൈവശം വയ്ക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാവുന്ന സാഹചര്യമുണ്ടാകും.
അനുമതി നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ ഗവർണർ-മുഖ്യമന്ത്രി ഒത്തുകളി ആരോപണവുമായി പ്രതിപക്ഷം രംഗത്തുവരും. മാത്രമല്ല, അത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിപരമായ വിശ്വാസ്യതയെ ബാധിക്കും.
ഫലത്തിൽ ദൂരവ്യാപകമായ രാഷ്‌ട്രീയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് കോൺഗ്രസിന്‍റെ നീക്കമെന്നാണ് വിലയിരുത്തൽ. ഒരു മാസത്തെ ഡൽഹി സന്ദർശനത്തിനായി ഗവർണർ കേരളത്തിന് പുറത്താണ്. ഒരുമാസം കഴിഞ്ഞ് തിരിച്ചെത്തുന്ന ഗവർണർ ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ പ്രോസിക്യൂഷന് അപേക്ഷ ലഭിച്ചാൽ നിശ്ചിത ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന വ്യവസ്ഥ നിയമത്തിൽ ഇല്ലാത്തതിനാൽ തീരുമാനം നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് സാധിക്കും.