തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും എതിർപ്പുകൾ
മറികടന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെ നിർദേശപ്രകാരം നടന്നുവന്ന പുനസംഘടന നിർത്തിവയ്ക്കാൻ നിര്‍ദേശിച്ച് ഹൈക്കമാൻഡ്. ബ്ലോക്ക്, മണ്ഡലം, ഡിസിസി തലങ്ങളിലാണ് പുനഃസംഘടന നടന്നുവന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ പുനസംഘടന നടത്തുന്നതിനെതിരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പിമാരും ഹൈക്കമാൻഡിനെ സമീപിച്ചതോടെയാണ് പുനസംഘടന നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. പുനസംഘടന നടക്കട്ടെയെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പുനസംഘടനയിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനറൽ സെക്രട്ടറിമാർ സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് സ്ഥാനമുറപ്പിക്കട്ടെയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
ALSO READ: സി.പി.എം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊച്ചി
എന്നാൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നാലെ എംപിമാർ കൂടി എതിർപ്പറിയിച്ചതോടെ പുനസംഘടന തത്കാലം നിർത്തിവയ്ക്കാം എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തി. കേരളത്തിൽ പുതിയ നേതൃത്വം നിലവിൽ വന്ന ശേഷമുള്ള ആദ്യ പുനസംഘടനയിലൂടെ തങ്ങളുടെ ആധിപത്യമുറപ്പിക്കാനുള്ള കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെയും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റേയും ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് പുനസംഘടന നിർത്തിവയ്ക്കാനുള്ള ഹൈക്കമാൻഡ് നിർദേശം.
ഏപ്രിൽ ഒന്നുമുതൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ പുന സംഘടനയുടെ ആവശ്യമില്ലെന്ന വാദം ഉയർത്തിയാണ് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എതിർപ്പ് വ്യക്തമാക്കിയിരുന്നത്. ഇവരുടെ അഭിപ്രായങ്ങൾ കൂടി ഹൈക്കമാൻഡ് കണക്കിലെടുക്കുന്നു എന്ന സൂചനയാണ് പുതിയ നിർദേശമെന്ന് വിലയിരുത്തപ്പെടുന്നു.