തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഉദ്‌ഘാടനം ഇന്ന് (10 ജൂണ്‍ 2022) രാവിലെ 10.30ന് സെക്രട്ടേറിയറ്റിന് മുന്‍പില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നിർവഹിക്കും. സ്വപ്‌നസുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ സിപിഎം നേതാക്കൾ തള്ളിയെങ്കിലും പാര്‍ട്ടി പ്രതിരോധത്തിലാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. കെ ടി ജലീൽ സ്വപ്‌നയ്‌ക്കെതിരെ നൽകിയ പരാതി അന്വേഷിക്കാൻ പന്ത്രണ്ടംഗ പ്രത്യേകസംഘത്തെ നിയോഗിച്ചതും സരിത്തിനെ മുന്നറിയിപ്പില്ലാതെ വിജിലൻസ് പിടികൂടി ചോദ്യം ചെയ്‌തതുമടക്കമുള്ള നടപടികൾ സർക്കാർ സമ്മർദത്തിലായതിൻ്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
വിഷയത്തില്‍ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് പ്രഖ്യാപിച്ച സ്വപ്‌നയെ നിശബ്‌ദയാക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിൻ്റേതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ സമാന്തരമായി ഒത്തുതീർപ്പ് ശ്രമം സർക്കാർ നടത്തുന്നുവെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലും ഗൗരവമായാണ് പ്രതിപക്ഷം കാണുന്നത്. മുഖ്യമന്ത്രിയുടെ ദൂതനായി ഷാജ് കിരൺ ഒത്തുതീർപ്പിനു ശ്രമിച്ചതിൻ്റെ ശബ്‌ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടുമെന്നാണ് സ്വപ്‌നയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.
ശബ്‌ദരേഖ പുറത്തുവരുന്നതോടെ പ്രക്ഷോഭം ശക്തമാക്കാനുള്ള കൂടുതൽ ആയുധങ്ങൾ ലഭിക്കുമെന്നാണ് പ്രതിപക്ഷത്തിൻ്റെ കണക്കുകൂട്ടൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സിപിഎമ്മിൻ്റെ കനത്ത തോൽവിക്കു പിന്നാലെയെത്തിയ സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ ആയുധമാക്കി
ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ശ്രമം കൂടിയാണ് യുഡിഎഫ് നടത്തുന്നത്.
also read: ഗൂഢാലോചന കേസ്: സ്വപ്‌ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി