തിരുവനന്തപുരം: ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിന് ഉത്തരവാദി അമിത് ഷായെങ്കിൽ അമിത് ഷായെ പ്രധാനമന്ത്രി തള്ളിപ്പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഈ നാടിന്‍റെ അച്ചടക്കവും സ്വകാര്യതയും തകർക്കുന്ന പ്രവൃത്തിയാണ് കേന്ദ്ര സർക്കാർ ചെയ്‌തതെന്നും അന്തസും ആഭിജാത്യവും ഇല്ലാത്ത ഭരണാധികാരികൾക്കേ ഇത്തരമൊരു ചാരപ്രവർത്തനം നടത്താനാവൂ എന്നും കെ. സുധാകരൻ പറഞ്ഞു.
ഫോൺ ചോർത്തല്‍ ആരോപണത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാജ്യവ്യാപക സമരത്തിൻ്റെ ഭാഗമായി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യം: വി.ഡി. സതീശൻ
വിദേശ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഒളിനോട്ടം ഹീനമായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പെഗാസസ് വാങ്ങിയെന്ന് കേന്ദ്രം വ്യക്തമാക്കണം: ചെന്നിത്തല
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്നും സർക്കാർ ചാര സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോ എന്ന് മോദിയും അമിത്ഷായും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾ അടക്കമുള്ള പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് കോൺഗ്രസ് രാജ്ഭവൻ മാർച്ച് നടത്തിയത്.
ALSO READ: പെഗാസസ് ഫോൺ ചോർത്തൽ; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല