തിരുവനന്തപുരം : എഐസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെക്കായി പ്രചരണത്തിനിറങ്ങുമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനോട് പ്രതികരിച്ച് ശശി തരൂർ എം പി. രമേശ് ചെന്നിത്തല പാർട്ടി ഭാരവാഹിയല്ല. അദ്ദേഹത്തിന് ഖാർഗെയ്‌ക്ക് വേണ്ടി പ്രചാരണം നടത്താമെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിലും രണ്ടഭിപ്രായം ഉണ്ടാകാം. മാർഗനിർദേശത്തിന് മുമ്പാണ് പിസിസി പ്രസിഡന്‍റുമാർ പരസ്യ നിലപാട് പറഞ്ഞത്. രഹസ്യ ബാലറ്റാണ്, അതുകൊണ്ട് ആർക്കും ഭയം വേണ്ട. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേരളാപര്യടനം കഴിയുമ്പോൾ താൻ നിരാശനല്ലെന്നും തരൂർ പറഞ്ഞു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഫോണിൽ സംസാരിച്ചു. കാണാൻ സാധിക്കാത്തത് സ്വാഭാവിക തിരക്ക് കാരണമാണ്. ഫോൺ വഴിയുള്ള പ്രചാരണം തുടരുകയാണ്. ചെന്നൈയിലെ പ്രചാരണ പരിപാടികൾക്ക് ശേഷം മുംബൈയിലേക്ക് പോകും.
അതിനിടെ തെരഞ്ഞെടുപ്പ് സമിതിക്കും നേതാക്കൾക്കുമെതിരെ തരൂർ പരോക്ഷ വിമർശനം ഉന്നയിച്ചു. ആരെ സഹായിക്കാനാണ് പിച്ച് ഉണ്ടാക്കിയിരിക്കുന്നത് എന്ന് നോക്കുന്നില്ല. പല തരത്തിൽ പിച്ച് നിർമിക്കാം. പിച്ചിന്‍റെ സ്വഭാവം വിജയത്തെ സ്വാധീനിക്കും. കിട്ടുന്ന പിച്ചിൽ കളിക്കുന്നു. അതില്‍ പരാതിയില്ലെന്നും ശശി തരൂർ പറഞ്ഞു. ഒക്‌ടോബർ 17 നാണ് തെരഞ്ഞെടുപ്പ്. 19 ന് ഫലം പ്രഖ്യാപിക്കും.