തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനയങ്ങൾക്ക് എതിരെ പ്രക്ഷോഭവുമായി കോൺഗ്രസ്. രണ്ടു ദിവസമായി കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹികളുടെയും നിര്‍വാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് പുതിയ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്.
സെക്രട്ടേറിയറ്റ് വളയും: 2023 മേയ് 4 വ്യാഴാഴ്‌ച 'ഭരണ തകര്‍ച്ചക്കെതിരെ, കേരളത്തെ കാക്കാന്‍ ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയല്‍ സംഘടിപ്പിക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണിവരെയാണ് സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതിനായി കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി സിദ്ധിഖ് എംഎല്‍എ ചെയര്‍മാനായി പ്രക്ഷോഭ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കി.
വിലക്കയറ്റം മയക്കുമരുന്ന് മാഫിയ, സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയങ്ങള്‍, സ്വജനപക്ഷം, പിന്‍വാതില്‍ നിയമനം, ക്രമസമാധാന തകര്‍ച്ച, സെല്‍ഭരണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധം വിജയിപ്പിക്കുന്നതിനായി വിവിധ ജില്ലകളെ ഉള്‍പ്പെടുത്തി രൂപികരിച്ച മേഖല കമ്മിറ്റികളുടെ കോഡിനേറ്റര്‍മാരായി കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതല പിഎം നിയാസിനും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ചുമതല ആര്യാടന്‍ ഷൗക്കത്തിനും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതല അബ്‌ദുള്‍ മുത്തലിബിനും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചുമതല കെപി ശ്രീകുമാറിനുമാണ്.
'ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍': ജനുവരി 26 മുതല്‍ ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടമായി എഐസിസിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍' ജനസമ്പര്‍ക്ക പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളിലായി സംഘടിപ്പിക്കും. 'ഭാരത് ജോഡോ യാത്ര' കശ്‌മീരില്‍ സമാപിക്കുന്ന ദിവസമായ ജനുവരി 30 ന് എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ 'ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം' പരിപാടികള്‍ സംഘടിപ്പിക്കും.
ബൂത്ത്തല ഭവന സന്ദര്‍ശനം ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 20 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ മൂന്ന് മുതല്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്രകള്‍ സംഘടിപ്പിക്കും.
'138 രൂപ ചലഞ്ച്': പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് ശേഖരിക്കുന്നതിന്‍റെ ഭാഗമായി 138 രൂപ ചലഞ്ചിന് തുടക്കം കുറിക്കും. ഇതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 138 രൂപയില്‍ കുറയാത്ത ഏതൊരു തുകയും സംഭാവനയായി സ്വീകരിക്കും.
സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ക്ക് കെപിസിസി പ്രസിഡന്‍റിന്‍റെ ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശം ലഭിക്കുകയും ചെയ്യും. ഓരോ ബൂത്തില്‍ നിന്നും ഏറ്റവും കുറഞ്ഞത് 50 വ്യക്തികളില്‍ നിന്നാണ് സംഭാവനകള്‍ സ്വീകരിക്കേണ്ടത്. 'ഹാഥ് സേ ഹാഥ് ജോഡോ' കാമ്പയിനും 138 ചലഞ്ചും വിജയകരമായി നടപ്പാക്കുന്നതിനായി സംസ്ഥാന തലത്തില്‍ കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബല്‍റാം ചെയര്‍മാനായും പഴകുളം മധു കണ്‍വീനറുമായുള്ള സമിതിക്ക് രൂപം നല്‍കി.
വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷം: വൈക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്‌ദിയോടനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പതിനാല് ജില്ലകളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി കെപിസിസി വൈസ് പ്രസിഡന്‍റ് വിപി സജീന്ദ്രന്‍ ചെയര്‍മാനായും എം ലിജു കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചു.