തിരുവനന്തപുരം: ഭരണഘടനയെ പൂർണമായും അവഗണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്‍റിന്‍റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ. ഭരണഘടനയിൽ രാഷ്ട്രപതിയുടെ അധികാരങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇതൊന്നും കേന്ദ്രസർക്കാർ കണക്കിലെടുക്കുന്നില്ലെന്നും സുപ്രിയ ശ്രീനാതെ. പറഞ്ഞു. ലോക്‌സഭയുടെയും രാജ്യസഭയുടെയും അധിപൻ രാഷ്ട്രപതിയാണെന്നും ഭരണഘടനയിൽ ഇത്തരത്തിൽ വ്യക്തമായി പറയുമ്പോൾ രാഷ്ട്രപതിയെ ഒഴിവാക്കിയുള്ള ഉദ്ഘാടന ചടങ്ങ് അംഗീകരിക്കാൻ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
പാര്‍ലമെന്‍റ് മന്ദിര ഉദ്‌ഘാടനത്തില്‍ പ്രതികരിച്ച്: ദലിത് വിഭാഗത്തിൽ നിന്നും ആദിവാസി വിഭാഗത്തിൽ നിന്നും പ്രഥമ പൗരനെ നിയമിച്ചുവെന്ന് പറയുന്ന ഭരണപക്ഷം അവരെ അപമാനിക്കുകയാണ്. പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനത്തിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല. അതുതന്നെയാണ് ഉദ്ഘാടനത്തിനും ആവർത്തിക്കുന്നതെന്ന് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ആദിവാസി വിഭാഗത്തിൽ നിന്നും വന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്‌തിരുന്നുവെങ്കിൽ അത് ജനാധിപത്യത്തിന്‍റെ വലിയ വിജയമാകുമായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഇത് ചെയ്‌തില്ലെന്നും അവര്‍ വ്യക്തമാക്കി.
ലോക്‌സഭ സ്‌പീക്കറുടെ പേരിലാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിനുള്ള ക്ഷണക്കത്തിറക്കിയിരിക്കുന്നത്. എന്നാൽ രാജ്യസഭയുടെ കാര്യം ഇതിൽ വ്യക്തമാക്കിയിട്ടില്ല. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഈ നടപടി അംഗീകരിക്കാൻ കഴിയില്ല. കോൺഗ്രസ് മാത്രമല്ല രാജ്യത്തെ 21 രാഷ്ട്രീയപാർട്ടികൾ ഇതേ നിലപാടാണ് എടുത്തതെന്നും ജനാധിപത്യപരമായാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ കോൺഗ്രസ് ഈ ചടങ്ങിൽ സഹകരിക്കുമായിരുന്നുവെന്നും സുപ്രിയ ശ്രീനാതെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്: ഭരണരംഗത്ത് ഒമ്പത് വർഷം പൂർത്തിയാക്കുന്ന നരേന്ദ്രമോദി സർക്കാരിനോട് ഒമ്പത് ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സാമ്പത്തിക സ്ഥിതി, തൊഴിലില്ലായ്‌മ, ചൈനീസ് കടന്നു കയറ്റം തുടങ്ങി അധികാരത്തിൽ എത്തിയശേഷം നരേന്ദ്രമോദി നടത്തിയ നിർണായകമായ പ്രഖ്യാപനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ചാണ് കോണ്‍ഗ്രസ് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും സാമ്പത്തിക സ്ഥിതിയെ ഉത്തേജിപ്പിക്കും എന്നും പറഞ്ഞ് അധികാരത്തിലെത്തിയ മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ പൂർണമായും തകർത്തിരിക്കുകയാണെന്നും കൊവിഡിന് മുമ്പും ഇതുതന്നെയാണ് സ്ഥിതിയെന്നും കോണ്‍ഗ്രസ് 'നൗ സാല്‍, നൗ സവാല്‍' എന്നതിലൂടെ അറിയിച്ചു.
സമ്പന്നന്മാർക്ക് വേണ്ടി മാത്രമാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നത്. തൊഴിലില്ലായ്‌മ വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. ഒമ്പത് വർഷമായിട്ടും ഇതിൽ ഒരു നടപടിയുമുണ്ടായില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് പറഞ്ഞ മോദി സർക്കാർ വളത്തിനും കാർഷിക ഉപകരണങ്ങൾക്കും ജിഎസ്‌ടി ഏർപ്പെടുത്തി അവരെ കൊള്ളയടിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. അഴിമതി രാജ്യത്ത് വലിയ രീതിയിൽ വർദ്ധിച്ചുവെന്നും അദാനിക്ക് മാത്രമാണ് രാജ്യത്ത് വളർച്ചയുണ്ടായതെന്നും ആരോപിച്ച കോണ്‍ഗ്രസ്, ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നും പ്രധാനമന്ത്രി മറുപടി പറയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
കാര്യം നിരന്തരം ഉന്നയിച്ച രാഹുൽ ഗാന്ധിയെ വേട്ടയാടി പാർലമെന്‍റിൽ നിന്ന് പുറത്താക്കുകയാണ് ചെയ്‌തത്. രാജ്യത്തെ ഒരിഞ്ച് ഭൂമി പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച മോദി സർക്കാർ ഇക്കാര്യത്തിലും പരാജയമായിരിക്കുകയാണ്. ചൈനയുടെ കടന്നുകയറ്റം തടയാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല. പകരം ഈ വിഷയത്തിൽ കള്ളം പറയുകയാണ് പ്രധാനമന്ത്രി ചെയ്‌തതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
രാജ്യത്തിന്‍റെ സാംസ്‌കാരിക മേഖലയിൽ കടന്നുകയറ്റം നടത്തുകയാണ്, വർഗീയ ധ്രുവീകരണം നടത്തി രാജ്യത്തിന്‍റെ സമാധാനം തകർക്കുകയാണ്, സ്ത്രീകൾക്കും ന്യൂനപക്ഷത്തിനുമെതിരായ അതിക്രമം വർധിക്കുകയാണ്, പ്രതിപക്ഷത്തെ വേട്ടയാടാൻ അന്വേഷണം ഏജൻസികളെ ഉപയോഗിക്കുകയാണ്, ഫെഡറലിസം പാലിക്കാതെ ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കുകയാണെന്നും മോദി സർക്കാരിന്‍റെ ഒൻപതു വർഷവും ഇതുതന്നെയായിരുന്നു സ്ഥിതിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സർക്കാരിന്‍റെ ഒമ്പത് വർഷത്തെ പ്രവർത്തനത്തെ സംബന്ധിച്ച് റിപ്പോർട്ട് പുറത്തിറക്കാൻ കേന്ദ്രം തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.