തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്തു വിമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമെന്ന് പ്രതിപക്ഷം. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഒരിടത്തു പോലും പ്രധാനമന്ത്രിയുടെ പേര് പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് വിമർശിച്ചു. മുഖ്യമന്ത്രിയെ പൂർണമായും ആരോപണ നിഴലിൽ നിർത്തിയും പ്രമേയത്തെ അനുകൂലിച്ചുമാണ് പ്രതിപക്ഷ കക്ഷി നേതാക്കൾ സംസാരിച്ചത്. ഇതുകൂടാതെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാനുള്ള സർക്കാർ തീരുമാനത്തിന് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെ മുഖ്യമന്ത്രി ശക്തമായി വിമർശിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
കർഷക നിയമം പാസാക്കിയ നൂറ് ദിവസം കഴിഞ്ഞിട്ടാണ് അതിനെതിരെ നിലപാടെടുക്കാൻ സംസ്ഥാനം തയ്യാറായത്. വിമർശനങ്ങളെല്ലാം പ്രമേയത്തിൽ ഒതുക്കാതെ ബദൽ നിയമത്തെക്കുറിച്ച് ആലോചിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രമേയത്തിന്‍റെ ഭേദഗതിയിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്ന ഭാഗം കൂടി ഉൾപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നത് പ്രധാനമന്ത്രിയെ വിമർശിക്കുന്നതിന് തുല്യം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതുകൊണ്ടുതന്നെ ഈ ഭേദഗതി അംഗീകരിക്കാനാവില്ല. ഭൂരിപക്ഷമുള്ള സർക്കാർ ശുപാർശ ചെയ്താൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ ചുമതലയുണ്ട്. അക്കാര്യം ഗവർണറെ ബോധിപ്പിക്കുകയാണ് ചെയ്തത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത് പ്രാധാന്യമർഹിക്കുന്ന കാര്യം ആയതിനാല്‍, ഏറ്റുമുട്ടൽ ഒഴിവാക്കിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.