തിരുവനന്തപുരം: ഹെവി വെയിറ്റ് സ്ഥാനാർഥികളെ ഇറക്കി നേമം പിടിക്കാന്‍ കോണ്‍ഗ്രസ്. ബിജെപിയുടെ സിറ്റിങ് മണ്ഡലമായ നേമം തിരികെ പിടിക്കാന്‍ ശക്തരായ സ്ഥാനാർഥികളെ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് അന്തിമ പരിഗണനയിലുള്ളത്. ഇവയിൽ ഉമ്മന്‍ചാണ്ടിയുടെ പേരിനാണ് ഹൈക്കമാന്‍റില്‍ കൂടുതല്‍ സ്വീകാര്യതയുള്ളത്.
ഉമ്മന്‍ചാണ്ടിയെ ഇറക്കിയാല്‍ മണ്ഡലം പിടിക്കുന്നതിനൊപ്പം ബിജെപിക്കെതിരെ ശക്തമായ മത്സരം എന്ന സന്ദേശം നല്‍കാമെന്നതും കോണ്‍ഗ്രസ് നേതൃത്വം കാണുന്നു. എന്നാല്‍ ഈ നിർദേശത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നാളെ സോണിയഗാന്ധിയെ കേരളത്തിലെ നേതാക്കള്‍ കാണും. ഇതിന് ശേഷമാകും അന്തിമ തീരുമാനം.
നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സമ്മതമറിയിച്ചു എന്നാണ് സൂചന. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായൊരു മറുപടി ഉമ്മന്‍ചാണ്ടി നല്‍കിയില്ല. സസ്‌പെന്‍സ് നിലനില്‍ക്കട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതുകൂടാതെ സുരക്ഷിതമായ മണ്ഡലങ്ങള്‍ വിട്ട് മുതിര്‍ന്ന നേതാക്കള്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലേക്ക് മാറണമെന്ന സന്ദേശവും ഹൈക്കമാന്‍റ് മുന്നോട്ട് വച്ചിട്ടുണ്ട്. കെ മുരളീധരന്‍റെ പേരും നേമത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ എംപി സ്ഥാനത്തുള്ള ഒരാൾ മത്സരിക്കുന്നതിന് ഇളവ് നല്‍കിയാല്‍ ഉയര്‍ന്നേക്കാവുന്ന മറ്റ് അവകാശവാദങ്ങളെ തുടര്‍ന്നാണ് ചർച്ച ഉമ്മന്‍ചാണ്ടിയിൽ എത്തിയത്.
ബിജെപി എ ക്ലാസ് മണ്ഡലമായി കാണുന്ന കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളിലും ശക്തനായ സ്ഥാനാർഥിയെ വേണമെന്നതാണ് നിർദേശം. ഉമ്മന്‍ചാണ്ടി മത്സരിച്ചിരുന്ന പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനാണ് നീക്കം. നാളെ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം വൈകുന്നേരത്തോടെ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. അതിനു ശേഷം പ്രഖ്യാപനമെന്നാണ് ഇപ്പോഴത്തെ തീരുമാനം.