തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ 11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് കെപിസിസി. തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പട്ടികയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
കൊല്ലം-22, ആലപ്പുഴ-18, എറണാകുളം-25, ഇടുക്കി-10, കണ്ണൂര്‍-23, കാസര്‍കോട്-11, കോഴിക്കോട്-26, പാലക്കാട്-22, പത്തനതിട്ട-10, തൃശൂര്‍-24, വയനാട്-6 എന്നിങ്ങനെയാണ് ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചത്. തൃശൂരില്‍ 26 ബ്ലോക്ക് കമ്മിറ്റികളുണ്ടെങ്കിലും 24 ഇടത്തെ പ്രസിഡന്‍റുമാരെ മാത്രമേ പ്രഖ്യാപിക്കാനിയിട്ടുള്ളൂ. രണ്ടിടത്ത് ചെറിയ തര്‍ക്കങ്ങളുള്ളതിനാല്‍ തിങ്കളാഴ്‌ചയോടെ ഇവിടെ പ്രസിഡന്‍റുമാര്‍ ചുമതലയേല്‍ക്കും.
തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ അന്തിമ പട്ടിക ഇപ്പോഴും തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രഖ്യാപനം വൈകുന്നതും ഇത് കൊണ്ടാണ്. എന്നാല്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ തിങ്കളാഴ്‌ച തലസ്ഥാനത്തെത്തുന്നതോടെ ഈ മൂന്നു ജില്ലകളിലെയും പട്ടിക പ്രഖ്യാപിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഒടുവിൽ സുധാകരന്‍റെ വഴിയേ: 2021 ല്‍ കെ.സുധാകരന്‍ ചുമതലേറ്റത് മുതല്‍ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ അഴിച്ചു പണിയാനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ പെട്ട് താഴേ തട്ടിലെ പുനഃസംഘടന നീളുകയായിരുന്നു. പല ഘട്ടങ്ങളിലും പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന് സുധാകരന്‍ നേതാക്കളോട് അഭ്യര്‍ഥിച്ചെങ്കിലും എങ്ങുമെത്തിയില്ല.
ജില്ല തലത്തില്‍ ഡിസിസി പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ പുനഃസംഘടന കമ്മിറ്റി രൂപീകരിച്ച് പല തവണ ആശയ വിനിമയം നടത്തിയിട്ടും ഒറ്റപ്പേരിലെത്തിച്ചേരാനായില്ല. തര്‍ക്കങ്ങള്‍ എങ്ങുമെത്താതെ തുടരുന്നതിനിടെ പുനഃസംഘടനയുമായി നേതാക്കള്‍ സഹകരിച്ചില്ലെങ്കില്‍ തനിക്ക് തന്‍റെ വഴി നോക്കേണ്ടി വരുമെന്ന് വയനാട്ടില്‍ അടുത്തിടെ നടന്ന ലീഡേഴ്‌സ് മീറ്റില്‍ കെ.സുധാകരന്‍ തുറന്നടിച്ചിരുന്നു.
പിന്നാലെ പുനഃസംഘടന സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തന്നെ തീരുമാനമായിരുന്നു. ഇതിന്‍റെ ഭാഗമായാണ് 11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്‍റുമാരുടെ കുരുക്ക് അഴിച്ചെടുത്തിരിക്കുന്നത്. ഇനി മണ്ഡലം പ്രസിഡന്‍റുമാരെ നിയമിക്കുക എന്ന വെല്ലുവിളിയുമുണ്ട്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ താഴെ തട്ടില്‍ പുതിയ കമ്മിറ്റികള്‍ ചുമതലയേല്‍ക്കണമെന്ന് സുധാകരന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അതല്ലാതെ പാര്‍ട്ടി നിശ്ചയിക്കുന്ന പരിപാടികളൊന്നും താഴെ തട്ടില്‍ ഫലപ്രദമാക്കാനാകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
ചുമതലയേറ്റ് രണ്ടു വര്‍ഷത്തിൽ അധികമായിട്ടും പുനഃസംഘടന നീളുന്നത് കാരണം താഴെ തട്ടില്‍ സംഘടന നിര്‍ജീവമാണെന്ന് പൊതുവേ പരാതിയുണ്ടായിരുന്നു. ഇനി മണ്ഡലം പ്രസിഡന്‍റുമാരെ നിശ്ചയിച്ച് കഴിഞ്ഞാല്‍ മറ്റ് ഭാരവാഹികളെ കൂടി നിശ്ചയിക്കേണ്ടതുണ്ട്. ഇതായിരിക്കും അടുത്ത കടമ്പ.
ALSO READ: 'ആര്‍ക്കും വേണ്ടെങ്കില്‍ തനിക്കും വേണ്ട, പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ ദയവായി സഹകരിക്കുക'; വികാരാധീനനായി കെ സുധാകരന്‍
ഏതായാലും കോണ്‍ഗ്രസ് സംഘടന സംവിധാനത്തിന്‍റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായ ബ്ലോക്ക് തലത്തിലെ പുനഃസംഘടന പൂര്‍ത്തിയാകുന്നതോടെ പാര്‍ട്ടിയെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഊര്‍ജ്ജ സ്വലമാക്കാമാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ALSO READ: കെപിസിസി ആസ്ഥാനത്ത് ഗ്രൂപ്പ് തിരിഞ്ഞ് തല്ല്; കെഎസ്‌യു നേതാക്കൾ തമ്മിൽ സംഘർഷം